Loading ...

Home Gulf

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി

ദമ്മാം: സൗദി ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞതിനാല്‍ പാസ്സ്‌പോര്‍ട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്സ്‌പോര്‍ട്ട് അനുവദിക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളുടെ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ എംബസ്സി സേവന കേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ചു കൊണ്ട് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യന്‍ എംബസ്സിക്ക് അയച്ച നിവേദനത്തിന് മറുപടിയായാണ് ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രട്ടറി പ്രേം സെല്‍വാള്‍ ഈ വിവരം അറിയിച്ചത്.

ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാന്‍ സേവന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും, അത്തരം പ്രവാസികള്‍ അവരുടെ സ്പോണ്‍സറില്‍ നിന്നോ കമ്ബനിയില്‍ നിന്നോ 'ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നല്‍കുന്ന ഒരു കത്ത് ഹാജരാക്കിയാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്സ്‌പോര്‍ട്ട് അനുവദിക്കുമെന്നും കത്തില്‍ പറയുന്നു. പിന്നീട് ഇഖാമ പുതുക്കിയ രേഖ ഹാജരാക്കിയാല്‍ പത്ത് വര്‍ഷം കാലാവധിയുള്ള സാധാരണ പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നുമാണ് എംബസ്സി അറിയിക്കുന്നത്. ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് നേരത്തെ 'ഗള്‍ഫ് മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു വാര്‍ത്ത. ഈ വിഷയം ഇന്നയിച്ച്‌ രാജ്യസഭ എം.പി ബിനോയ് വിശ്വം വിദേശകാര്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ കൃത്യമായ പരിഹാരം ലഭ്യമായിട്ടില്ല എന്ന ബോധ്യത്തില്‍ തന്നെയാണ് സാമൂഹിക പ്രവര്‍ത്തകര്‍. ഇന്ത്യന്‍ രേഖയായ പാസ്പോര്‍ട്ട് പുതുക്കാന്‍ എന്തിന് വിദേശരാജ്യത്തിന്റെ താമസ രേഖ മാനദണ്ഡമാക്കുന്നു എന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്. നേരത്തെ ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാന്‍ പോലും സേവന കേന്ദ്രങ്ങള്‍ തയ്യാറായിരുന്നില്ല. നുറുകണക്കിന് ഇന്ത്യക്കാരാണ് ഇത്തരത്തില്‍ പാസ്പോര്‍ട്ട് പുതുക്കാനാവാതെ കഴിയുന്നത്. പുതിയ വിശദീകരണം ഇത്തരത്തില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ക്ക് ഒരു പരിധിവരെ സഹായകരകമാകുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.

Related News