Loading ...

Home International

ഗാല്‍വാല്‍ ഏറ്റുമുട്ടലിനിടെ 38 ചൈനീസ് സൈനികര്‍ മുങ്ങിമരിച്ചതായി ആസ്‌ട്രേലിയന്‍ മാധ്യമം

രണ്ടു വര്‍ഷംമുന്‍പ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ 42 ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.ഒരുസംഘം സമൂഹമാധ്യമ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആസ്‌ട്രേലിയന്‍ മാധ്യമമായ 'ദ ക്ലാക്‌സോണ്‍' ആണ് പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ട കാര്യം മാത്രമേ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ.

2020 ജൂണ്‍ 15നും 16നുമാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഗാല്‍വാനില്‍ വന്‍ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈനികര്‍ ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് കൂടുതല്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. രാത്രി കൊടും തണുപ്പിലായിരുന്നു ശക്തമായ ഒഴുക്കുള്ള നദി മുറിച്ചുകടന്ന് ഇക്കരെയെത്താന്‍ നീക്കമുണ്ടായതെന്ന് ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. Galwan Decoded എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

38 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) അംഗങ്ങള്‍ ശക്തമായ ഒഴുക്കില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ എല്ലാ ഉപചാരങ്ങളോടെയുമാണ് ഷീക്വന്‍ഹിയിലെ രക്തസാക്ഷികളുടെ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുണ്ട്. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ യൂസര്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍നിന്നാണ് ഗവേഷണസംഘം പുതിയ കണ്ടെത്തലുകളിലേക്കെത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ഉടമ്ബടികളെല്ലാം ലംഘിച്ച്‌ ഗാല്‍വാനിലെ ബഫര്‍ സോണില്‍ ചൈന ആരംഭിച്ച നിര്‍മാണപ്രവൃത്തികളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം. 2020 ഏപ്രില്‍ മുതല്‍ തന്നെ നിഷ്പക്ഷമേഖലയില്‍ ചൈന പട്രോളിങ് സജ്ജീകരണങ്ങള്‍ വിപുലീകരിക്കാന്‍ നീക്കം ആരംഭിച്ചിരുന്നു. ഇതോടൊപ്പം നദിക്കു കുറുകെ ഇന്ത്യന്‍ സൈന്യം നിര്‍മിച്ച പാലവും പിഎല്‍എ തകര്‍ത്തിരുന്നു.

962ലെ യുദ്ധത്തിനുശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു 2020 ജൂണില്‍ നടന്നത്. ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍, തുടക്കത്തില്‍ തങ്ങളുടെ ഒരു സൈനികരും കൊല്ലപ്പെട്ടില്ലെന്നായിരുന്ന ചൈനയുടെ പ്രതികരണം. പിന്നീട് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് നാല് സൈനികര്‍ കൊല്ലപ്പെട്ട വിവരം ചൈന സമ്മതിച്ചത്.

Related News