Loading ...

Home National

ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ അനുവദിച്ച 7143 കോടി വിനിയോഗിച്ചില്ലെന്ന്​ കണക്കുകള്‍

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 2021-22 അധ്യയന വര്‍ഷം അനുവദിച്ച തുകയില്‍ 7143.29 കോടി വിനിയോഗിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ക്കും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുകകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് എം.പി പി.വി.അബ്​ദുല്‍ വഹാബ് വ്യാഴാഴ്ച രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അനുവദിച്ച തുകയില്‍നിന്ന് ചെലവഴിച്ചതും ചെലവഴിക്കാത്തതുമായ തുകയുടെ വിശദാംശങ്ങള്‍ നല്‍കാനും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍, സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദേശീയ വിദ്യാഭ്യാസ സ്ഥാപനത്തിനങ്ങള്‍ക്കായി അനുവദിച്ചതും വിനിയോഗിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കി. കഴിഞ്ഞ അഞ്ച്​ വര്‍ഷമായി ചെലവഴിക്കാത്ത തുകയുടെ വിശദാംശങ്ങളും ഇതിലൂടെ​ വെളിപ്പെട്ടു.

കേന്ദ്ര സര്‍വകലാശാലകളും കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അധ്യയന വര്‍ഷം മാത്രം അനുവദിച്ച തുകയായ 22,726 കോടിയില്‍ നിന്ന് 7143.29 കോടി രൂപ വിയോഗിക്കാതെ പോയി എന്ന് സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ധനസഹായമുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ അഞ്ച് വര്‍ഷമായി ശരാശരി 1700 കോടി രൂപ ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല എന്നും ഡാറ്റ വെളിപ്പെടുത്തുന്നു. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവഴിക്കപ്പെടാത്ത ഈ ഭീമമായ തുക നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ദയനീയാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വഹാബ് എം.പി അഭിപ്രായപ്പെട്ടു.

മഹാമാരിയുടെ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് സ്കോളര്‍ഷിപ്പ് ലഭിക്കാതെയും താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്ബളം ലഭിക്കാതെയും ബുദ്ധിമുട്ടുകയാണ്​. ഇതിനിടയില്‍ വിന്‍യോഗിക്കാതെ കിടക്കുന്ന ഈ ഭീമന്‍ തുക നമ്മുടെ രാജ്യത്തെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാറിന്‍റെയും അധികൃതരുടെയും നിസ്സംഗ മനോഭാവവും പ്രതിബദ്ധതയില്ലായ്മയും വെളിപ്പെടുത്തുന്നുവെന്നും എം.പി പറഞ്ഞു.

Related News