Loading ...

Home National

കശ്മീര്‍, യു.പി, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി ആസ്ഥാനമായ മനുഷ്യവകാശ സംഘടനയായ റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുടനീളം കഴിഞ്ഞ വര്‍ഷം ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 108 പേര്‍ ആക്രമിക്കപ്പെടുകയും 13 മാധ്യമ സ്ഥാപനങ്ങള്‍ക്കും പത്രങ്ങള്‍ക്കുമെതിരെ ഭീഷണികളുണ്ടാവുകയും ചെയ്തിട്ടുണ്ട്.

റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പിന്‍റെ ഇന്ത്യ പ്രസ് ഫ്രീഡം റിപ്പോര്‍ട്ട് അനുസരിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകള്‍ യഥാക്രമം ജമ്മു കശ്മീര്‍ (25), ഉത്തര്‍പ്രദേശ് (23), മധ്യപ്രദേശ് (16), ത്രിപുര (15), എന്നിങ്ങനെയാണ്.ഡല്‍ഹി (8), ബിഹാര്‍ (6), അസം (5),ഹരിയാന, മഹാരാഷ്ട്ര (4 ), ഗോവ, മണിപ്പൂര്‍ (3 ), കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ (2 ), ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കേരളം (1 ) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം എട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ജമ്മു കശ്മീര്‍, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങള്‍ രാജ്യത്തെ ആവിഷ്കാരസ്വാതന്ത്രം തകരുന്നതിന്‍റെ സൂചനയാണെന്നും മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ആര്‍.ആര്‍.എ.ജിയുടെ ഡയറക്ടറായ സുഹാസ് ചക്മ അഭിപ്രായപ്പെട്ടു.

Related News