Loading ...

Home National

ബിഎസ്‌എന്‍എല്‍ 4ജി ഓഗസ്റ്റില്‍ രാജ്യമാകെ എത്തുമെന്ന് കേന്ദ്ര ടെലികോം

ന്യൂഡല്‍ഹി∙ ബിഎസ്‌എന്‍എല്‍ 4ജി ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി എത്തുമെന്ന് കേന്ദ്ര ടെലികോം സഹമന്ത്രി ദേവുസിങ് ചൗഹാന്‍.4ജി ശൃംഖലയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ ഏപ്രിലില്‍ നല്‍കും. 4ജിക്ക് സാങ്കേതികസഹായം നല്‍കുന്ന കമ്ബനികളുടെ പരീക്ഷണം ഇന്നു പൂര്‍ത്തിയായേക്കും. ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടിസിഎസ്) നയിക്കുന്ന കണ്‍സോര്‍ഷ്യമാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

താല്‍പര്യപത്രത്തിലെ നിബന്ധനകള്‍ പാലിക്കാത്തതിനെച്ചൊല്ലി ബിഎസ്‌എന്‍‌എലും ടിസിഎസും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു. 50,000 ഇടങ്ങളിലാണ് 4ജി ആദ്യം ലഭ്യമാക്കുക. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 40,000 ഇടങ്ങളില്‍ കൂടി ലഭ്യമാക്കും. പൂര്‍ണമായി ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിഎസ്‌എന്‍എല്‍ 4ജി നെറ്റ്‌വര്‍ക്കിന്റെ പ്രാഥമിക പരീക്ഷണം വിജയമായിരുന്നു.ടെന്‍ഡര്‍ നടപടികളില്‍ നിന്ന് ചൈനീസ് ടെക് കമ്ബനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ മുന്‍പ് ഒഴിവാക്കിയിരുന്നു.

കുറഞ്ഞ മുതല്‍മുടക്കില്‍ 4ജി സേവനം എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കില്‍ ബിഎസ്‌എന്‍എല്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കില്ലെന്നു ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയത് 2020 ഡിസംബറിലാണ്.




Related News