Loading ...

Home National

ബജറ്റ് സമ്മേളനം; പെഗാസസ്, കർഷക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം

ഇന്ന് മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്.

2017-ൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ സ്പൈവെയർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് അവകാശപ്പെട്ടതിന് പിന്നാലെ സർക്കാരിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സർക്കാരിനും ഐടി മന്ത്രി അശ്വിനി വൈഷ്ണുവിനുമെതിരെ പ്രത്യേകാവകാശ പ്രമേയ അവതരണത്തിനായി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ “ചാരപ്രവർത്തനം” സർക്കാർ നിഷേധിച്ചിരുന്നു.

കാർഷിക ദുരിതം, ചൈനീസ് കടന്നുകയറ്റം, കൊവിഡ് 19 ഇരകൾക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടൽ, എയർ ഇന്ത്യയുടെ വിൽപ്പന, പെഗാസസ് തർക്കം തുടങ്ങിയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ സമാന ചിന്താഗതിക്കാരായ കക്ഷികളെ സമീപിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അറിയിച്ചു. എന്നാൽ വിഷയത്തിൽ ഒരു ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കാൻ സാധ്യതയില്ലെന്നും നിയമനിർമ്മാണ കാര്യങ്ങൾക്ക് അനുമതി നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവും സമ്മേളനത്തിൽ സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ തിങ്കളാഴ്ച രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങൾ നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. ധനമന്ത്രി നിർമല സീതാരാമൻ 2021-22 സാമ്പത്തിക സർവേ തിങ്കളാഴ്ചയും കേന്ദ്ര ബജറ്റ് ചൊവ്വാഴ്ചയും അവതരിപ്പിക്കും.


Related News