Loading ...

Home National

'ദൈവത്തിന് പ്രത്യേക സ്ഥലത്തിന്‍റെ ആവശ്യമില്ല; പൊതുഭൂമിയില്‍ ക്ഷേത്രം അനുവദിക്കില്ല'- മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദേശീയപാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്ഷേത്രം അനുവദിക്കില്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്‌നാട്ടിലെ പെരമ്ബലൂര്‍ ജില്ലയിലെ വേപ്പന്‍തട്ടയിലെ ക്ഷേത്രം നീക്കം ചെയ്യുന്നതിനായി ദേശീയപാത വിഭാഗം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് പെരിയസാമി നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്.ദൈവം സര്‍വവ്യാപിയാണെന്നും ദൈവത്തിന് ഒരു പ്രത്യേക സ്ഥലം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച്‌ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന്‍റെ പിന്നില്‍ മതഭ്രാന്താണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതു സ്ഥലത്ത് അനധികൃതമായി പണിത ക്ഷേത്രം നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരന്‍ ഹരജിയുമായി എത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി മന്ദിരം അവിടെയുണ്ടെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു വിധ തടസ്സങ്ങളുണ്ടായിട്ടില്ലെന്നും ഹരജിയില്‍ പറഞ്ഞു. നിരവധി ഭക്തജനങ്ങള്‍ ആരാധനക്കായി അവിടെ എത്താറുണ്ട്.

എന്നാല്‍ ക്ഷേത്രം നിലക്കൊള്ളുന്ന സ്ഥലം തന്‍റേതാണെന്ന് കാണിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനായില്ല. ഭക്ത ജനങ്ങളോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വിഗ്രഹം സ്വന്തം പേരിലുള്ള സ്ഥലത്തോ ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്തോ സ്ഥാപിക്കണം. പൊതുഭൂമി ജാതി-മതാടിസ്ഥാനത്തില്‍ വിനിയോഗിക്കാനുള്ളതല്ല. അത് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി.

കോടതി ഹരജിക്കാരന്റെ വാദം അംഗീകരിച്ചാല്‍ ആളുകള്‍ യാതൊരു തടസവുമില്ലാതെ പൊതുഭൂമികൈയേറുന്നത് തുടരുമെന്നും അനധികൃതമായി ഭൂമി കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.


Related News