Loading ...

Home International

നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടുന്നതിനെതിരെ പ്രതിഷേധം

കാഠ്മണ്ഡു : ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ചൈനയ്‌ക്കെതിരെ നേപ്പാളില്‍ ജനരോഷം ശക്തം . നേപ്പാളിലെ രാഷ്‌ട്രീയ ഏകതാ അഭിയാന്‍ ചൈനയ്‌ക്കെതിരെ ബിരാത്‌നഗര്‍, മൊറാങ്, ഖബര്‍ഹുബ് എന്നിവിടങ്ങളില്‍ പ്രകടനം നടത്തി.നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ചൈനയുടെ അമിതമായ ഇടപെടലിനെതിരെയും വടക്കന്‍ അതിര്‍ത്തിയിലെ നേപ്പാള്‍ പ്രദേശങ്ങള്‍ കയ്യേറുന്നതിനെതിരെയുമാണ് നേപ്പാളിലെ ജനങ്ങളുടെ പ്രതിഷേധം.

രാഷ്‌ട്രീയ ഏകതാ അഭിയാന്‍ അംഗങ്ങള്‍ മഹേന്ദ്ര ചൗക്കില്‍ നിന്ന് ബിരാത്നഗറിലെ ഭട്ടാ ചൗക്കിലേക്ക് മാര്‍ച്ച്‌ ചെയ്യുകയും ചൈനയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രകടനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ചിത്രങ്ങളും അവര്‍ കത്തിച്ചു.നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൂ യാങ്കിയുടെ ചിത്രങ്ങളും കാഠ്മണ്ഡുവില്‍ നടന്ന പ്രതിഷേധത്തില്‍ കത്തിച്ചിരുന്നു . പ്രതിഷേധക്കാര്‍ യാങ്കിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും 'ഗോ ബാക്ക് ചൈന' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.

നേപ്പാളി വ്യാപാരികളെ ബാധിക്കുന്ന രീതിയില്‍ അതിര്‍ത്തി പോയിന്റുകളില്‍ ചൈന അനൗദ്യോഗിക ഉപരോധം ഏര്‍പ്പെടുത്തുകയും ചൈനീസ് സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കാത്ത നേപ്പാളി വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തു. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിലെ ചൈനയുടെ അതിശക്തമായ ഇടപെടല്‍ സമൂഹത്തെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങള്‍ പ്രതിഷേധം നടത്തിയതെന്ന് രാഷ്‌ട്രീയ ഏകതാ അഭിയാന്‍ മൊറാങ് കോര്‍ഡിനേറ്റര്‍ ജിതേന്ദ്ര യാദവ് പറഞ്ഞു.നേപ്പാളില്‍ ചൈനയ്‌ക്കെതിരായ പ്രതിഷേധം നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Related News