Loading ...

Home National

എയര്‍ ഇന്ത്യയില്‍ അഴിച്ചുപണികള്‍ തല്‍ക്കാലമില്ല; മുന്‍ഗണന കസ്റ്റമര്‍ സര്‍വീസിന്

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ തുടക്കത്തില്‍ തന്നെ വലിയ അഴിച്ചുപണികള്‍ നടത്തില്ലെന്ന് റിപ്പോര്‍ട്ട്.എയര്‍ ഇന്ത്യ ബോര്‍ഡില്‍ നിലവിലുള്ള നാല് ഡയറക്ടര്‍മാരെയും നിലനിര്‍ത്തുമെന്നും ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക, വിമാനങ്ങളുടെ സമയക്രമം കൃത്യമാക്കുക എന്നിവയ്ക്കാണ് പ്രാഥമിക ഘട്ടത്തില്‍ പരിഗണന നല്‍കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ സി.എന്‍.ബി.സി-ടി.വി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ച മുമ്ബ് നിയമിതനായ ഐ.എ.എസ് ഓഫീസര്‍ വിക്രം ദേവ് ഭട്ട് കമ്ബനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി (സി.എം.ഡി) തുടരും.വിനോദ് ഹെഡ്മഡി (ഫിനാന്‍സ്), അമൃത സരണ്‍ (ഉദ്യോഗം), മീനാക്ഷി മല്ലിക് (കമേഴ്‌സ്യല്‍), ക്യാപ്ടന്‍ ആര്‍. എസ് സന്ധു (ഓപറേഷന്‍സ്) എന്നിവരാണ് നിലവിലുള്ള ഡയറക്ടര്‍മാര്‍. ടാറ്റ ഔദ്യോഗികമായി നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മാത്രം മുമ്ബാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയ സെക്രട്ടറി രാജീവ് ബന്‍സാലിനെ മാറ്റി എയര്‍ ഇന്ത്യ വിക്രം ദേവ് ഭട്ടിനെ സി.എം.ഡി ആക്കിയത്. വിക്രം ദേവ് ഭട്ട് ചുമതലയേറ്റ വിവരം എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

നിലവിലുള്ള ബോര്‍ഡിനു കീഴില്‍ എയര്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കില്‍ മാത്രം ഉന്നത തലത്തില്‍ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം. വിമാനക്കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജ്‌മെന്റ് കമ്മിറ്റി മേല്‍നോട്ടം വഹിക്കും. രത്തന്‍ ടാറ്റ, എന്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിയാവും ഉന്നതതലത്തില്‍ പുതിയ നിയമനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

എയര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതിനായി ഓണ്‍ഫ്‌ളൈറ്റ് ഭക്ഷണം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഓണ്‍ ടൈം പെര്‍ഫോമന്‍സ് എന്നിവയിലാണ് ഇപ്പോള്‍ ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റെടുത്ത ജനുവരി 26-ന് തന്നെ ചില വിമാനങ്ങളില്‍ ഭക്ഷണക്കാര്യത്തിലുള്ള മാറ്റം പ്രകടമായിട്ടുണ്ട്.

Related News