Loading ...

Home Gulf

പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് യുഎഇ

ദുബായ്: 12 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീക്കാനൊരുങ്ങി യുഎഇ. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്.12 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ദേശീയ അന്തർദേശീയ വിമാന കമ്പനികൾക്കും ട്രാൻസിറ്റ് യാത്രാക്കാർക്കുമായി യുഎഇ എല്ലാ വിമാനസർവ്വീസുകളും പുനരാരംഭിക്കുമെന്ന് നാഷണൽ ക്രൈസിസ് ആന്റ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ എത്തുന്നവർ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്ന് കൊറോണ നെഗറ്റീവായ പരിശോധന ഫലം സമർപ്പിക്കണം. പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന് റാപ്പിഡ്-പിസിആർ പരിശോധനയും നടത്തണം.

യുഎഇയിൽ എത്തിച്ചേരുമ്പോൾ വീണ്ടും പിസിആർ പരിശോധന നടത്തുകയും എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുകയും ചെയ്യണം. ഉഗാണ്ട, ഘാന, റുവാണ്ട എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊറോണയുടെപുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ഡിസംബറിലായിരുന്നു യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.


Related News