Loading ...

Home Gulf

ഹൂതികള്‍ക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന് യുഎഇയും സൗദിയും

യെമനില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പു നല്‍കി സൗദി അറേബ്യയും യു.എ.ഇയും.

ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന യു.എന്‍ അഭ്യര്‍ഥനയും ഇതോടെ വെറുതെയായി. ഹൂതി ആക്രമണത്തെ അപലപിക്കാന്‍ കൂട്ടാക്കാത്ത ഇറാന്റെ നിലപാടിനെതിരെ അറബ് ലോകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയും തങ്ങളുടെ ഉന്നമാണെന്ന് വ്യക്തമാക്കിയ ഹൂതികള്‍ ഇന്നലെ രണ്ടാം തവണയും അബൂദാബിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഹൂതികള്‍ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തു വെച്ചു തന്നെ തകര്‍ക്കാന്‍ യു.എ.ഇ സേനക്കായി. ആക്രമണം നടന്ന് മണിക്കൂറിനകം യു.എ.ഇയുടെ എഫ് 16 പോര്‍വിമാനം യെമനില്‍ ഹൂത്തികളുടെ മിസൈല്‍ വിക്ഷേപണ സംവിധാനം തകര്‍ത്തു. ഇതോടെ യുദ്ധം കനക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഹൂതികളുടെ മിസൈല്‍ ലോഞ്ചര്‍ യു.എ.ഇ. പോര്‍വിമാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തു. സൗദി സഖ്യസേനയാവട്ടെ, ഇന്നലെ മാത്രം സന്‍അ, മആരിബ് ഉള്‍പ്പെടെ യെമനിലെ 14 ഹൂതി കേന്ദ്രങ്ങളിലാണ് ബോംബ് വര്‍ഷിപ്പിച്ചത്.

ആക്രമണത്തിന് തുല്യനാണയത്തില്‍ മറുപടി ഉറപ്പാണെന്ന് സൗദിയും യു.എ.ഇയും മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ക്ക് ആയുധവും മറ്റും കൈമാറുന്ന ഇറാന്‍ നീക്കവും ഗള്‍ഫ് രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ യെമന്‍ ജനതക്കൊപ്പമാണ് തങ്ങളെന്നും പ്രശ്‌ന പരിഹാരത്തിന് എന്തു നടപടി കൈക്കൊളളാനും ഒരുക്കമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതിനിടെ സൗദിക്കും യു.എ.ഇക്കുമെതിരെയുള്ള തുടര്‍ച്ചയായ മിസൈല്‍ ആക്രമണം എണ്ണ വില വര്‍ധിക്കുന്നതിന് കാരണമായി. ഇന്നലെ മാത്രം നിരക്കില്‍ ഒരു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് ഓഹരി വിപണികള്‍ക്കും ഇന്നലെ തിരിച്ചടിയുടെ ദിനമായിരുന്നു.

Related News