Loading ...

Home International

റഷ്യ- ഉക്രെയിന്‍ സംഘര്‍ഷഭീതി കനത്തു, നാറ്റോയും സൈനിക നീക്കം തുടങ്ങി

കൈവ്/ബ്രസല്‍സ്: യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക സന്നാഹത്തിന് മറുപടിയായി കൂടുതല്‍ സന്നാഹമൊരുക്കി നാറ്റോ സംഖ്യത്തിന്‍റെ മറുപടി.കിഴക്കന്‍ യൂറോപ്പിലേക്കു കൂടുതല്‍ കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജമാക്കിയതായി നാറ്റോ അറിയിച്ചു.യുക്രെയിനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നു റഷ്യ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ സന്നാഹം കണക്കിലെടുത്താണ് നാറ്റോയുടെ നീക്കം. റഷ്യയുടെ സൈനിക നീക്കത്തെ അതേരീതിയില്‍ത്തന്നെ ചെറുക്കുമെന്നതിന്‍റെ സൂചന കൂടിയാണ് നാറ്റോ സംഖ്യം നല്‍കുന്നത്. ഇതിനകം ഏകദേശം 100,000 റഷ്യന്‍ സൈനികര്‍ യുക്രേനിയന്‍ അതിര്‍ത്തിയില്‍ സജ്ജരായി തുടരുകയാണ്. സൈനിക സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ്.

"നാറ്റോയ്ക്ക് അധിക സേനയെ എത്തിച്ചു നല്‍കുന്ന സഖ്യകക്ഷികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു," പാശ്ചാത്യ സൈനിക സഖ്യത്തിന്‍റെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. "സഖ്യത്തിന്‍റെ കിഴക്കന്‍ ഭാഗം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ എല്ലാ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും നാറ്റോ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചതിനു പിന്നാലെ യുക്രെയ്നിലെ എംബസിയില്‍നിന്നു ചില ജീവനക്കാരെയും ആശ്രിതരെയും പിന്‍വലിക്കുകയാണെന്നു ബ്രിട്ടന്‍ പറഞ്ഞു, നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളോടു യുക്രെയിന്‍ വിടാന്‍ അമേരിക്ക നിര്‍ദേശിച്ചതിനു പിന്നാലെയാണ് ബ്രിട്ടന്‍റെ നീക്കം.റഷ്യയുടെ സൈനിക നടപടി എപ്പോള്‍ വേണമെങ്കിലും വരാമെന്നാണ് യുഎസ് എംബസി പ്രസ്താവനയില്‍ പറഞ്ഞത്. സൈനിക നടപടി തുടങ്ങിയാല്‍ അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല, അതിനാലാണ് അവരെ നേരത്തെ ഒഴിപ്പിച്ചു മാറ്റുന്നതെന്ന് യുഎസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, യുക്രെയ്നുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ എണ്ണയുടെ വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. സംഘര്‍ഷം ലഘൂകരിക്കാന്‍ അമേരിക്കയും റഷ്യയും വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയും കാര്യമായി ഫലം ഉളവാക്കിയില്ല.യുക്രെയ്നെ അംഗമാക്കാമെന്ന വാഗ്ദാനം നാറ്റോ പിന്‍വലിക്കണമെന്നും ശീതയുദ്ധത്തിനു ശേഷം കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നു സൈന്യത്തെയും ആയുധങ്ങളും സഖ്യം പിന്‍വലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍, ആയുധ നിയന്ത്രണം, മിസൈല്‍ വിന്യാസം, ആത്മവിശ്വാസം വളര്‍ത്തല്‍ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള മറ്റു വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നാണ് വാഷിംഗ്ടണിന്‍റെ പക്ഷം.

യുക്രെയ്ന്‍ ആക്രമിക്കരുതെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയാല്‍ റഷ്യയ്ക്കെതിരേ കടുത്ത സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറാണെന്നു ഡെന്മാര്‍ക്ക് പറഞ്ഞു. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം മോസ്കോയ്ക്കു മുന്നറിയിപ്പ് സന്ദേശം അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related News