Loading ...

Home Africa

സുഡാനിലെ വനിതാ വിമോചകപ്രവര്‍ത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തു

ഖാര്‍ത്തും: സുഡാനിലെ പ്രമുഖ വനിതാ വിമോചകപ്രവര്‍ത്തകയായ അമീറ ഉസ്മാനെ ഖാര്‍ത്തൂമിലെ വീട്ടില്‍ വെച്ച്‌ ആയുധധാരികള്‍ അറസ്റ്റ് ചെയ്തതായി സഹോദരി അമാനി ഉസ്മാന്‍ ആരോപിച്ചു.കഴിഞ്ഞ ഒക്ടോബറില്‍ സൈന്യം സുഡാനിലെ ഭരണമേറ്റെടുത്തതിന് ശേഷം ജനാധിപത്യ അനുകൂല വ്യക്തികളെയും സാമൂഹിക പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുമെന്ന പ്രചാരണം നടക്കുന്നതിനിടയിലാണ് അമീറ ഉസ്മാന്റെ അറസ്റ്റ്.

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള സൈനിക തന്ത്രങ്ങളുടെ ഭാഗമായാണ് വനിതാ വിമോചകപ്രവര്‍ത്തകയായ അമീറയെ അറസ്റ്റ് ചെയ്തതെന്ന് സുഡാനിലെ യു.എന്‍ മിഷന്‍ ട്വീറ്റ് ചെയ്തു. സുഡാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.അമീറയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും അമാനി പറഞ്ഞു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന ഒരു അപകടത്തില്‍ അമീറയുടെ ശരീരം ഭാഗികമായി തളര്‍ന്നിരുന്നു. സിവിലിയന്‍ വസ്ത്രം ധരിച്ച മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം ആയുധധാരികളാണ് അമീറയെ തട്ടിക്കൊണ്ടുപോയതെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നേരത്തെ സുഡാനീസ് ഭരണകൂടം ട്രൗസര്‍ ധരിച്ചതിന് 2002ല്‍ അമീറയെ കൊണ്ട് പിഴ അടപ്പിക്കുകയും 2013ല്‍ ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2019 ലെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ ഭരണകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ അമീറ നിരവധി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഒമര്‍ അല്‍ ബഷീറിനെ ഭരണത്തില്‍ നിന്ന് താഴെഇറക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സ്ത്രീകളാണ്. തുടര്‍ന്ന് സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു.

Related News