Loading ...

Home International

കോവിഡ്​ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസല്‍സില്‍ 50,000 പേരുടെ പ്രതിഷേധം; സംഘര്‍ഷം

ബ്രസല്‍സ്: കോവിഡ്​ നിയന്ത്രണങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേര്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനക്കാര്‍​ കല്ലെറിഞ്ഞതോടെ പൊലീസ്​​ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. 50,000ത്തോളം ആളുകള്‍ ബെല്‍ജിയന്‍ തലസ്ഥാനത്തിലൂടെ പ്രകടനം നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഏറ്റവും വലുതാണിത്​.

യൂറോപ്യന്‍ യൂനിയന്‍റെ ആസ്ഥാനത്തിന് സമീപമാണ്​ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്​. കല്ലുകളും പടക്കങ്ങളും എറിഞ്ഞ നൂറുകണക്കിന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്തിന്​ നേരെയും ആക്രമണമുണ്ടായി. ഓഫിസുകളുടെ ഗ്ലാസ് കവാടം മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമീപത്തെ മെട്രോ സ്​റ്റേഷനില്‍ അഭയം തേടി. യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ അക്രമത്തെ അപലപിച്ചു.

സംഭവത്തില്‍ 70ഓളം പേരെ അറസ്റ്റ്​ ചെയ്തതായി പൊലീസ്​ അറിയിച്ചു. മൂന്ന് ഓഫിസര്‍മാരെയും 12 പ്രകടനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. ആരുടെയും നില ഗുരുതരമല്ല.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്​ ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ പറഞ്ഞു. 'ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിന്‍റെ അടിത്തറകളിലൊന്നാണ്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, വിവേചനരഹിതമായ അക്രമം അംഗീകരിക്കാനാവില്ല. പൊലീസിനെതിരായ അക്രമവും അംഗീകരിക്കില്ല' -ഡി ക്രൂ കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് വൈഡ് ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ഫ്രീഡം, യൂറോപ്യന്‍സ് യുനൈറ്റഡ് ഫോര്‍ ഫ്രീഡം എന്നിവയുള്‍പ്പെടെയുള്ള സംഘടനകളാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. മറ്റ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍നിന്നും ആളുകളെ ക്ഷണിച്ചിരുന്നു. പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പതാകകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കാണാമായിരുന്നു. യൂറോപ്പിലെ പല ഭാഗങ്ങളിലും കോവിഡ്​ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയരുന്നത്​.അതേസമയം, ബ്രിട്ടന്‍ എല്ലാവിധ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​​. ഫെബ്രുവരി രണ്ട് മുതല്‍​ നിയന്ത്രണങ്ങള്‍ കുറക്കുമെന്ന്​ ഫ്രാന്‍സും പ്രഖ്യാപിച്ചു.

Related News