Loading ...

Home National

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡാറ്റ ചോര്‍ന്നിട്ടില്ല; സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിനായി ആരംഭിച്ച കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡാറ്റ ചോര്‍ച്ച ഭയക്കാതെ കോവിന്‍ സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന വെബ് പോര്‍ട്ടലാണെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കോവിന്‍ പോര്‍ട്ടലില്‍ നിന്നും ഡാറ്റ ചോരുന്നതായി ചില വാര്‍ത്തകള്‍ പ്രചരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എല്ലാ ഉപയോക്താക്കളുടേയും വിവരങ്ങള്‍ പോര്‍ട്ടലില്‍ സുരക്ഷിതമാണെന്ന് മനസിലാക്കാന്‍ സാധിച്ചെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മേല്‍വിലാസമോ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളൊന്നും എവിടേയും സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.അതിനിടെ കോവിന്‍ ആപ്പില്‍ ഒറ്റ നമ്പറില്‍ നിന്നുള്ള വാക്സിന്‍ ബുക്കിംഗ് പരിധി ഉയര്‍ത്തിയിരുന്നു. കോവിനില്‍ ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു നമ്പര്‍ ഉപയോഗിച്ച് നാല് പേര്‍ക്ക് വരെ മാത്രമേ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഈ പരിധിയാണ് നിലവില്‍ ആറിലേക്ക് ഉയര്‍ത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.37 ലക്ഷം പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22. 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണനിരക്ക് 4,88,884 ആയി.

Related News