Loading ...

Home National

ബിജെപിക്ക് തിരിച്ചടി നല്‍കി തമിഴകം; മാപ്പ് പറഞ്ഞ് എച്ച്‌ രാജ

ജാതി നശീകരണ പ്രസ്ഥാന നേതാവും സാമൂഹ്യ പരിഷ്കര്‍ത്താവും ദ്രാവിഡ കഴകത്തിന്റെ സ്ഥാപകനുമായ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കണമെന്ന ബിജെപിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്ബോള്‍ ആര്‍എസ്‌എസ്, ബിജെപി നേതൃത്വം പ്രതിരോധത്തില്‍. ത്രിപുരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് എച്ച്‌ രാജയും യുവമോര്‍ച്ച തമിഴ്നാട് വെെസ് പ്രസിഡന്റ് എസ് ജി സൂര്യയും വിദ്വേഷ പ്രസ്താവനകളുമായി രം​ഗത്തെത്തിയത്. പെരിയാര്‍ ജാതിവെറിയനാണെന്നും തമിഴ്നാട്ടിലുള്ള പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കണമെന്നുമുള്ള എച്ച്‌ രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.പ്രതിഷേധം രൂക്ഷമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയ എച്ച്‌ രാജ പോസ്റ്റ് നീക്കം ചെയ്തു. തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കണമെന്നുള്ള പോസ്റ്റ് തന്റെ പേജ് നിയന്ത്രിക്കുന്ന അഡ്മിന്‍ താനറിയാതെ പോസ്റ്റ് ചെയ്തതാണെന്ന് രാജ വിശദീകരിച്ചു. "അതിനാല്‍ ആ പോസ്റ്റ് നീക്കം ചെയ്യുകയാണ്. ആശയങ്ങളെ ആശയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ ആക്രമണത്തിലൂടെയല്ല. ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തിയാല്‍ മാപ്പ് ചോദിക്കുന്നു" എച്ച്‌ രാജ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുക്കളെ ചേര്‍ത്ത് തമിഴകത്ത് ദേശീയതയും ദെെവീകതയും വളര്‍ത്തുന്നതിന് മുത്തുരാമലിം​ഗ തേവര്‍ കാണിച്ച വഴിയിലൂടെ സഞ്ചരിക്കണമെന്നും എച്ച്‌ രാജ പറയുന്നു.
അതേസമയം, നേതാക്കളുടെ വിദ്വേഷ പ്രസ്താവനയോടെ ബിജെപിക്ക് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് തമിഴ്നാട്ടില്‍ നേരിടേണ്ടിവരിക. ദ്രാവിഡ രാഷ്ട്രീയം നെഞ്ചേറ്റിയ തമിഴ്നാട്ടിലുണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം ഇടപെട്ട് തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. ഇതിന്റെ ഭാ​ഗമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിമ തകര്‍ക്കല്‍ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയത്. സംഭവത്തില്‍ തമിഴ്നാട് പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടതായും പ്രതിമ തകര്‍ത്ത സംഭവവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. പ്രതിമകള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.അതിനിടെ രാജയുടെ പ്രസ്താവനയ്ക്കു പിന്നാലെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. രാജയുടെ വിദ്വേഷ പ്രകടനത്തിനു മണിക്കൂറുകള്‍ക്കകം വെല്ലൂരില്‍ പെരിയാര്‍ പ്രതിമ ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ബിജെപി കോയമ്ബത്തൂര്‍ ജില്ലാ കമ്മിറ്റി ഒാഫീസിനു നേരെയും കല്ലേറുണ്ടായി.രാജയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിലെ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രാജ്യസഭയില്‍ നോട്ടീസും നല്‍കി. തമിഴ്നാട്ടില്‍ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച്‌ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ തയ്യാറെടുക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ പ്രസ്താവനകള്‍ വരുത്തിയത്.

Related News