Loading ...

Home National

കാണികളുടെ എണ്ണം വെട്ടിക്കുറച്ചു; റിപ്പബ്ലിക് ദിന പരേഡില്‍ 5,000 മുതല്‍ 8,000 പേര്‍ക്ക് മാത്രം പ്രവേശനം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരിക്കുന്നവരുടെ എണ്ണം 5,000 മുതല്‍ 8,000 വരെയായി കുറക്കും. രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്ത മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 15 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പരേഡുകള്‍ 10.30 നാണ് ആരംഭിക്കുക. നേരത്തെ 10 മണിക്ക് തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പരേഡ് കൂടുതല്‍ വ്യക്തമായി കാണുന്നതിന് വേണ്ടിയാണ് സമയം മാറ്റം.പരേഡിലെ നിശ്ചല ദൃശ്യങ്ങള്‍ തല്‍സമയം വ്യക്തമായി കാണാനായി രാജ്പഥിന്റെ ഇരുവശത്തും അഞ്ച് വീതം 10 വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.2020 ല്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം പേരെയാണ് പരേഡ് കാണാന്‍ അനുവദിച്ചത്. കോവിഡ് മഹാമാരിയായതോടെ കഴിഞ്ഞ വര്‍ഷം 25,000 പേര്‍ക്കാണ് പ്രവേശനം നല്‍കിയത്. ഈ വര്‍ഷം ആളുകളുടെ എണ്ണം 80 ശതമാനത്തോളമാണ് കുറക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത്‌സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിനാണ് ആളുകളുടെ എണ്ണം കുറച്ചത്.

കഴിഞ്ഞ വര്‍ഷത്തെ പരേഡില്‍ മുഖ്യാതിഥി ഉണ്ടായിരുന്നില്ല. ഈ വര്‍ഷം ഒരു പ്രത്യേക ശ്രമമെന്ന നിലയില്‍, ജനുവരി 29 ന് നടക്കുന്ന പരേഡിനും ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിനും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്ന് അധികൃതകര്‍ പറഞ്ഞു.

ടിവിയിലൂടെയും തത്സമയ സ്ട്രീമിംഗിലൂടെയും പരേഡ് കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കും. വീരമൃത്യു വരിച്ച ഏകദേശം 5,000 വീരന്മാരുടെ അടുത്ത ബന്ധുക്കള്‍ക്ക് രാജ്യത്തുടനീളമുള്ള എന്‍.സി.സി കേഡറ്റുകള്‍ 'കൃതജ്ഞതയുടെ ഫലകം' സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ ധീരജവാന്മാരെ ആദരിക്കുകയും ചെയ്യും. ഇതോടു കൂടി ആഗസ്ത് 15 വരെ തുടരുന്ന പരിപാടിക്ക് തുടക്കമാകുമെന്നും അധികൃതര്‍ അറിയിച്ചു.

പരേഡിനുള്ള ക്ഷണ കാര്‍ഡുകളില്‍ അശ്വഗന്ധ, കറ്റാര്‍ വാഴ, നെല്ലിക്ക എന്നിവയുടെ വിത്തുകള്‍ ഉള്‍പ്പെടുത്തും, ഉപയോഗശേഷം അവ തോട്ടങ്ങളിലോ പൂച്ചട്ടികളിലോ നട്ടുപിടിപ്പിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കും. പ്രതിരോധ മന്ത്രാലയവും സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ മത്സരമായ 'വന്ദേ ഭാരതം' വഴിയാണ് സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകരെ തെരഞ്ഞെടുത്തത്. 3,870 നര്‍ത്തകരില്‍ നിന്ന് 800 കലാകാരന്മാരെ പരേഡിലെ നൃത്ത പ്രകടനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Related News