Loading ...

Home National

ഗോവയില്‍ അഡ്വ. അമിത് പലേക്കര്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗോവയില്‍ അഡ്വ. അമിത് പലേക്കറെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഗോവയിലെ 40 നിയമസഭാ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറില്‍ എ.എ.പിയില്‍ ചേര്‍ന്ന അമിത് പലേക്കര്‍ ഭണ്ഡാരി സമുദായത്തില്‍ നിന്നുള്ള നേതാവാണ്. സെന്‍റ് ക്രൂസ് മണ്ഡലത്തില്‍ നിന്നാണ് പലേക്കര്‍ മത്സരിക്കുന്നത്. പിന്നാക്ക വിഭാഗമായ ഭണ്ഡാരി സമുദായത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമെന്ന വാഗ്ദാനം നിറവേറ്റുകയാണ് ആം ആദ്മി ചെയ്തിരിക്കുന്നത്.അടുത്ത കാലത്ത് പഴയ ഗോവയിലെ യുനെസ്കോ സംരക്ഷിത പ്രദേശത്ത് ബി.ജെ.പി വക്താവ് ഷൈന എം.സി നിര്‍മ്മിച്ച അനധികൃത ബംഗ്ലാവിനെതിരെ അമിത് പലേക്കര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഈ സമരത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.

സംസ്ഥാന ജനസംഖ്യയില്‍ 35 ശതമാനം വരുന്നതാണ് ഭണ്ഡാരി സമുദായം. ഈ സമുദായത്തില്‍ നിന്ന് രവി നായിക് മാത്രമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. രവി നായിക് രണ്ടര വര്‍ഷം ഭരണം നടത്തി.അമിത് പലേക്കറെ കൂടാതെ പ്രതിമ കുട്ടീഞ്ഞോ, വാല്‍മീകി നായിക് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉയര്‍ന്നു വന്നിരുന്നു. ഭരണം ലഭിച്ചാല്‍ പ്രതിമ കുട്ടീഞ്ഞോ ഉപ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.ലോക്സഭ എം.പി ഭഗവന്ദ് മന്നിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

Related News