Loading ...

Home National

ഭഗവന്ദ് മന്‍ പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മൊഹാലി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ ഭഗവന്ദ് മന്‍ നയിക്കും. ഭഗവന്ദ് മന്നിനെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താന്‍ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക ഫോണ്‍ നമ്ബറും പ്രചരിപ്പിച്ചിരുന്നു. ജനഹിത പരിശോധനയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മാനെ 93.3 ശതമാനം പേര്‍ പിന്തുണച്ചതായി കെജ് രിവാള്‍ വ്യക്തമാക്കി. നിലവില്‍ പഞ്ചാബ് സാങ് രൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭ എം.പിയാണ് ഭഗവന്ദ് മന്‍.

ജനപ്രിയ ടെലിവിഷന്‍ ഷോകളിലും സിനിമകളിലും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്‌ പ്രശസ്തനായ ഭഗവന്ദ് മന്‍ 2011ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. മണ്‍പ്രീത് സിങ് ബാദല്‍ നേതൃത്വം നല്‍കുന്ന പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയിലാണ് അംഗമായത്. 2012ല്‍ ലെഹ് രഗാഗ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു.2014ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഭഗവന്ദ്, സാങ് രൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ദേവ് സിങ് ദിന്‍സയെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2019ല്‍ രണ്ടാമതും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2016ല്‍ പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ നടന്ന ആം ആദ്മി റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെത്തിയ പത്രപ്രവര്‍ത്തകരെ ഭഗവന്ദ് മന്‍ അധിക്ഷേപിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ലെന്ന് ക്ഷുഭിതനായി പറഞ്ഞ ഭഗവന്ദ് മന്‍, ജേര്‍ണലിസ്റ്റുകളെ പുറത്താക്കാന്‍ പ്രവര്‍ത്തകരോട് ആജ്ഞാപിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ പിന്നീട് മന്‍ ക്ഷമാപണം നടത്തി.177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച്‌ 10ന് ഫലം പ്രഖ്യാപിക്കും.

Related News