Loading ...

Home International

എണ്ണവില ഏഴു വര്‍ഷത്തെ ഉയര്‍ന്നനിലയില്‍, ബാരലിന് 87 ഡോളര്‍ കടന്നു

ന്യൂഡല്‍ഹി: ലോകത്ത് അസംസ്‌കൃത എണ്ണവില ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില വ്യാപാരത്തിനിടെ ബാരലിന് 87 ഡോളര്‍ വരെ എത്തിയാണ് റെക്കോര്‍ഡിട്ടത്.അബുദാബിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണമാണ് എണ്ണ വില ഉയരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസമാണ് യുഎഇയിലെ പ്രമുഖ നഗരമായ അബുദാബിയില്‍ സ്‌ഫോടനം നടന്നത്. ഡ്രോണ്‍ ആക്രമണമാണ് നടത്തിയത് എന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വിതരണത്തില്‍ തടസ്സം നേരിട്ടേക്കുമെന്ന അഭ്യൂഹങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.അമേരിക്കയില്‍ എണ്ണ വില ബാരലിന് 85 ഡോളറിന് മുകളിലാണ്. ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം 87 ഡോളറിന് മുകളിലാണ് നടക്കുന്നത്. ഇതിന് മുന്‍പ് ഏഴു വര്‍ഷം മുന്‍പാണ് ഈ നിലവാരത്തില്‍ വ്യാപാരം നടന്നത്.

വില വര്‍ധന ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. നിലവില്‍ തന്നെ രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കുകയാണ്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നത് രാജ്യത്തെ ഇന്ധനവിലയിലും വരും ദിവസങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News