Loading ...

Home Business

നഗര-ഗ്രാമാന്തരങ്ങളില്‍ വെളിച്ചമെത്തിക്കാന്‍ പുതിയ കമ്പനി

കാസര്‍കോട്: കേരള ഗ്രാമജ്യോതി ലൈറ്റിങ് ഇന്‍ഡസ്ട്രി എന്ന പേരില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വെളിച്ചമെത്തിക്കാന്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ സംരംഭം വരുന്നു. സി.എഫ്.എല്‍.-എല്‍.à´‡.à´¡à´¿. ലാംപ് നിര്‍മാണമാണ് ലക്ഷ്യം. തദ്ദേശഭരണവകുപ്പിന്റെ നേതൃത്വത്തിലുള്ള കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയും(ക്രൂസ്) പാലക്കാട് ആസ്ഥാനമായ സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് കാസര്‍കോട് കിന്‍ഫ്ര പാര്‍ക്കില്‍ കമ്പനി തുടങ്ങുന്നത്. ഒരുകോടിരൂപ പ്രാരംഭ മുതല്‍മുടക്കില്‍ തുടങ്ങുന്ന കമ്പനി പ്രതിവര്‍ഷം ഒരുലക്ഷം ബള്‍ബുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 10 കോടി സി.എഫ്.എല്‍.-എല്‍.à´‡.à´¡à´¿. ലാംപുകളാണ് ക്രൂസ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ഉത്തരവുപ്രകാരം 2013 മുതല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്വന്തം നിലയ്ക്ക് ടെന്‍ഡര്‍ വിളിക്കാനുള്ള അധികാരമില്ല. പകരം ക്രൂസില്‍നിന്നും കെല്‍ട്രോണില്‍നിന്നുമാണ് വാങ്ങേണ്ടത്. ഇതില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചുമതല ക്രൂസിനാണ്. മറ്റു ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കെല്‍ട്രോണില്‍നിന്നാണ് സാധനങ്ങള്‍ വാങ്ങേണ്ടത്. സ്വകാര്യ സംരംഭകരില്‍നിന്ന് സി.എഫ്.എല്‍. ബള്‍ബുകള്‍ വാങ്ങി വിതരണം ചെയ്യുകയാണ് ക്രൂസ് ഇതുവരെ ചെയ്തിരുന്നത്. 

പൊതുമേഖല-സ്വകാര്യമേഖല സംയുക്തസംരംഭം എന്ന നിലയ്ക്ക് താത്പര്യപത്രം ക്ഷണിച്ചതില്‍ മൂന്ന് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ പാലക്കാട് ആസ്ഥാനമായ പി.à´Žà´‚.ആര്‍. ലൈറ്റിങ് ഇന്‍ഡസ്ട്രി എന്ന സ്ഥാപനവുമായാണ് കരാറായത്. ഇതനുസരിച്ച് പുതിയ കമ്പനിയിലെ 51 ശതമാനം ഓഹരി ക്രൂസിനും 49 ശതമാനം സ്വകാര്യ കമ്പനിക്കുമായിരിക്കും. ആറുകോടിരൂപയാണ് കമ്പനിയുടെ ആകെ മുതല്‍മുടക്കായി നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ ജനറല്‍ ബോഡിയോഗം 24-ന് പാലക്കാട്ട് നടക്കും. കമ്പനിയുടെ ഒമ്പത് ഡയറക്ടര്‍മാരില്‍ അഞ്ചുപേര്‍ ക്രൂസിന്റെ പ്രതിനിധികളാണ്. 

കാസര്‍കോട് കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടേക്കറില്‍ 4,700 ചതുരശ്ര അടിയിലാണ് ബള്‍ബ് നിര്‍മാണ യൂണിറ്റ് വരുന്നത്. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈടെക് ഉപകരണങ്ങളാണ് ഉപയോഗിക്കുക. രണ്ടുമാസത്തിനുള്ളില്‍ ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സി.എഫ്.എല്‍.-എല്‍.ഇ.ഡി. നിര്‍മാണത്തിനുപുറമെ നഗരചത്വരങ്ങളില്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെ നിര്‍മിക്കും. ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ അഞ്ചുശതമാനമെങ്കിലും വിലകുറച്ച് സി.എഫ്.എല്ലും എല്‍.ഇ.ഡി.യും അനുബന്ധ ഉപകരണങ്ങളും നല്‍കാനാകും എന്നാണ് ക്രൂസ് കരുതുന്നത്. നേരത്തേ പഞ്ചായത്തുകള്‍ മാത്രമായിരുന്നു ക്രൂസില്‍നിന്ന് തെരുവുവിളക്കുകള്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ മുനിസിപ്പാലിറ്റികളെയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Related News