Loading ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒന്‍പത് വരെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്കു മാറ്റിയത് സ്വകാര്യ, അണ് എയ്ഡഡ് അടക്കമുള്ള എല്ലാ സ്കൂളുകള്‍ക്കും ബാധകമാണെന്നു വിദ്യാഭ്യാസ മന്ത്രി വി.
ശിവന്‍കുട്ടി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ല.
10, 11, 12 ക്ലാസുകള്‍ സ്കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കോവിഡ് മാര്‍ഗരേഖ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കും. ഇതു സംബന്ധിച്ച തയാറെടുപ്പുകളെ കുറിച്ച് ആലോചിക്കാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വിദ്യാര്‍ഥികളുടെ വാക്സിനേഷന് പകുതിയോളം പൂര്‍ത്തിയായതായും ബാക്കിയുള്ള കുട്ടികള്‍ക്ക് സ്കൂളുകളില്‍ തന്നെ വാക്സിനേഷന് നല്‍കാനുള്ള നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, ഒമിക്രോണ്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് വിദഗ്ധരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍, കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിനു പ്രധാനം.
വിക്ടേഴ്സ് ചാനല്‍ ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി പുതിയ ടൈം ടേബിള്‍ ഏര്‍പ്പെടുത്തും. അണ് എയ്ഡഡ്, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഓണ്‍ലൈന്‍ നിര്‍ദേശം ബാധകമാണ്.
എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ്ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എസ്എസ്എല്‍സി പരീക്ഷയ്ക്കു വേണ്ട ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.