Loading ...

Home National

ഹരിദ്വാര്‍ മുസ്‍ലിം വിദ്വേഷ പ്രസംഗം; ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഹരിദ്വാറിലെ ധര്‍മ്മ സന്‍സദ് പരിപാടിയില്‍ നടന്ന മുസ്‍ലിം വിദ്വേഷ പ്രസംഗ കേസില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് എന്‍. വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനുവരി 23ന് യു.പിയിലെ അലിഗഢില്‍ നടത്താനിരുന്ന ധരം സന്‍സദ് നിര്‍ത്തിവെക്കണമെന്ന അപേക്ഷയില്‍ പ്രാദേശിക കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന് സുപ്രീം കോടതി അനുമതി നല്‍കി.

മുന്‍ ഹൈക്കോടതി ജസ്റ്റിസ് അഞ്ജന പ്രകാശും, മാധ്യമപ്രവര്‍ത്തകനായ കുര്‍ബാന്‍ അലിയും സമര്‍പ്പിച്ച ഹരജിയില്‍ മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിപ്പിക്കാനും, പ്രത്യേക അന്വേഷണ സംഘത്തി​ന്‍റെ സ്വതന്ത്രവും വിശ്വസനീയവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.രാജ്യത്തി​ന്‍റെ മുദ്രാവാക്യങ്ങള്‍ 'സത്യമേവ ജയതേയില്‍' നിന്ന് 'ശാസ്ത്രമേവ ജയതേയിലേക്ക്' മാറിയിരിക്കുന്നു എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. കേസില്‍ എഫ്‌.ഐ‌.ആര്‍ ഫയല്‍ ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നവരുമായി കൈകോര്‍ത്തിരിക്കുന്നതാണ് പൊലീസി​ന്‍റെ അനാസ്ഥയിലൂടെ വെളിപ്പെടുന്നതെന്നും ഹരജിയില്‍ ആരോപിച്ചു.ഡിസംബര്‍ 17-19 തീയതികളില്‍ നടന്ന മതസമ്മേളനത്തില്‍ വിവിധ ഹിന്ദു മതനേതാക്കള്‍ മുസ്‍ലിംകള്‍ക്കെതിരെ ആയുധം പ്രയോഗിക്കാന്‍ ആഹ്വാനം ചെയ്ത് അതിരൂക്ഷമായ പ്രസംഗങ്ങള്‍ നടത്തുകയായിരുന്നു.


Related News