Loading ...

Home International

ദിനോസറല്ല, ഇക്ത്യോസോര്‍;കടല്‍ ഡ്രാഗണിന്റെ 18 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

ലണ്ടന്‍: 18 കോടി വര്‍ഷം മുമ്ബ് ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഭീമന്‍ ജലജീവിയുടെ ഫോസില്‍ കണ്ടെത്തി.കടല്‍ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന ഇക്ത്യോസോറിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസിലാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റിസര്‍വോയറായ റുത്‌ലാന്‍ഡ് റിസര്‍വോയറില്‍ നിന്നുമാണ് ഫോസില്‍ കണ്ടെത്തിയത്. റുത്‌ലാന്‍ഡ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു കണ്ടെത്തല്‍.

ജോ ഡേവിസാണ് 2021 ഫെബ്രുവരിയില്‍ ആദ്യമായി ഫോസില്‍ അവശിഷ്ടം കണ്ടെത്തിയത്. ദിനോസര്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. വിശദമായ പഠനത്തിന് ശേഷമാണ് ഇക്ത്യോസോര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. 100 വര്‍ഗങ്ങളുള്ള കടല്‍ ഉരഗങ്ങളായിരുന്നു ഇക്ത്യോസോറുകള്‍. 25 കോടി വര്‍ഷത്തിനും ഒമ്ബത് കോടി വര്‍ഷത്തിനും ഇടയ്ക്ക് ഇവ ജീവിച്ചിരുന്നതായാണ് കണക്കാക്കുന്നത്. 25 മീറ്റര്‍ വരെയാണ് പരമാവധി നീളം.

ഇക്ത്യോസോറുകളുടെ ഫോസില്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ഫോസില്‍ ലഭിക്കുന്നത് ഇതാദ്യമാണ്. ബ്രിട്ടീഷ് ഫോസില്‍ പഠനചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണിതെന്ന് ഇക്ത്യോസോറുകളെ കുറിച്ച്‌ പഠിക്കുന്ന ഡോ. ഡീന്‍ ലോമാക്‌സ് വ്യക്തമാക്കി.

Related News