Loading ...

Home National

3695 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍

ലഖ്നൗ:ബാങ്ക് വായ്പയുടെ പേരില്‍ 3695 കോടിയുടെ തട്ടിപ്പ് നടത്തിയ റോട്ടോമാക് പേന കമ്ബനി ഉടമ ഡോ. വിക്രം കോത്താരിയേയും മകന്‍ രാഹുല്‍ കോത്താരിയേയും സിബിഐ അറസ്റ്റ് ചെയ്തു.വിക്രം കോത്താരി ഏഴു ബാങ്കുകളില്‍നിന്ന് 2919 കോടി രൂപ വായ്പ എടുത്തതായും പലിശയുള്‍പ്പെടെ 3695 കോടി രൂപയുടെ തിരിച്ചടവ് വീഴ്ച വരുത്തിയിട്ടുണ്ടെന്നുമാണ് വിവരം.ബാങ്ക് ഓഫ് ബറോഡയുടെ വായ്പ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് റോട്ടോമാക് പെന്‍സ് വായ്പയെടുത്തത്.837 കോടി രൂപ രണ്ട് ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത് തിരിച്ചടവില്‍ ബോധപൂര്‍വമായ വീഴ്ചവരുത്തിയെന്നതാണ് കോത്താരിക്കെതിരായ പ്രധാന പരാതി. 485 കോടി രൂപ മുംബൈയിലെ യൂണിയന്‍ ബാങ്കില്‍നിന്നും 352 കോടി രൂപ കൊല്‍ക്കത്തയിലെ അലഹബാദ് ബാങ്ക് വഴിയുമാണ് വായ്പയെടുത്തത്. എണ്‍പതുകളില്‍ റോട്ടോമാക് പേന നിര്‍മിച്ചുതുടങ്ങിയ കോത്താരിയുടേത് യു.പി.യിലെ വലിയ വ്യവസായ കുടുംബമാണ്. പാന്‍മസാല നിര്‍മാതാക്കളായ പാന്‍ പരാഗിന്റെ ഉടമ ദീപക് കോത്താരി വിക്രം കോത്താരിയുടെ സഹോദരനാണ്.പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് വിക്രം കോത്താരിയുടെ കോടികളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. എന്നാല്‍, നിയമനടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ടുപോകുമെന്ന് കോത്താരിയുടെ അഭിഭാഷകന്‍ ശരദ് കുമാര്‍ ബിര്‍ള മാധ്യമങ്ങളോട് പറഞ്ഞു. റോട്ടോമാക് പെന്‍സിന്റേത് വായ്പാതിരിച്ചടവ് സംബന്ധിച്ച വിഷയമാണെന്നും തട്ടിപ്പല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നീരവ് മോദിയുടെ സംഭവവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. വായ്പ തിരിച്ചടയ്ക്കാത്തത് രാജ്യത്ത് ക്രിമിനല്‍ കുറ്റവുമല്ല -അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കോത്താരിയുടെ ഉത്തര്‍പ്രദേശിലെ വീടുകളിലും ഓഫീസുകളിലും കേസ് അന്വേഷിക്കുന്ന സി.ബി.ഐ. റെയ്ഡ് നടത്തി. കോത്താരിയെയും മകനെയും ഭാര്യയെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Related News