Loading ...

Home International

‘മേശയ്ക്കു’ മുന്നിലെ രാജകുമാരൻ

നിഖിൽ കളിക്കാനിറങ്ങുമ്പോൾ, അരയാൾ പൊക്കമുള്ള ടേബിളിനു മുന്നിൽ തല ഉയർത്തി നിൽക്കുന്നതു കേരളത്തിന്റെ കൂടി അഭിമാനമാണെന്ന് എത്ര പേർക്കറിയാം? അണ്ടർ 13 ടേബിൾ ടെന്നിസ് കളിക്കുന്ന ലോകത്തെ ഏറ്റവും മിടുക്കന്മാരായ നാലുപേരിൽ ഒരാൾ, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലെ കുട്ടിക്കളിക്കാരിൽ ഒന്നാം റാങ്കുകാരൻ, വിശേഷണങ്ങൾ പേരിനൊപ്പം ഏറി വരികയാണ്. എന്നാൽ അറിയുക, അമേരിക്കൻ ഇംഗ്ലിഷും ചാംപ്യൻ ചിരിയുമായി നടക്കുന്ന ഈ മിടുക്കൻ കാഞ്ഞങ്ങാട്ടും പഴയങ്ങാടിയിലും വേരുകളുള്ള മലയാളിയാണ് !

മുഴുവൻ പേര് നിഖിൽകുമാർ, വയസ്സ് 12അമേരിക്കയിലെ ഓൺലൈൻ മാധ്യമങ്ങളിൽ അടുത്തിടെ ഒരു വാർത്ത വന്നു. ഇടതു കയ്യിൽ റാക്കറ്റു പിടിച്ച്, വലതുകൈ മുഷ്ടി ചുരുട്ടിപ്പിടിച്ച് വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന നിഖിലിന്റെ മുഖവുമായി. രാജ്യാന്തര ടേബിൾ ടെന്നിസ് ഫെഡറേഷന്റെ (ഐടിടിഎഫ്) വേൾഡ് ഹോപ്സ് ടീമിൽ നിഖിൽ കളിക്കുമെന്നായിരുന്നു വാർത്ത. ഭാവിപ്രതീക്ഷയായ കുട്ടിക്കളിക്കാർക്കു വേണ്ടിയുള്ള സംഘമാണ് ഐടിടിഎഫിന്റെ ഹോപ്സ് ടീം. ഇക്കുറി നാലുപേർ മാത്രമാണ് ഇതിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യ, തായ്‌ലൻഡ്, സിംഗപ്പൂർ, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി എത്തിയ 16 പേരിൽ നിന്നാണ് അവസാന നാലുപേരിൽ ഒരാളായി നിഖിൽ ലോക കെഡറ്റ് ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ അവസാനം ഈജിപ്റ്റിലാണു മൽസരം. 12 വയസ്സു വരെയുള്ള ടേബിൾ ടെന്നിസ് കളിക്കാർക്കു പരമാവധി അവസരം നൽകാൻ ഐടിടിഎഫ് നടത്താറുള്ള നോർത്ത് അമേരിക്കൻ ടൂർണമെന്റിലൂടെയാണു നിഖിൽ ശ്രദ്ധിക്കപ്പെട്ടത്. മേയിൽ നടന്ന മൽസരത്തിലെ മിന്നും പ്രകടനത്തോടെ, ഒന്നാം റാങ്കുകാരനായാണു ചൈനയിലെ ഷാങ്ഹായിൽ നടന്ന പരിശീലന ക്യാംപിലെത്തിയത്. കാനഡ, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ ഐടിടിഎഫ് നടത്തിയ ജൂനിയർ, കെഡറ്റ് ടൂർണമെന്റുകളിലും തിളങ്ങാൻ നിഖിലിനു കഴിഞ്ഞിരുന്നു.സമയം കളയാൻ പോക്ക്...

അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ, മകനെ തനിച്ചിരുത്തുന്നതെങ്ങനെ? അങ്ങനെയാണ് വേനലവധിക്കാലത്തു നിഖിൽ കാലിഫോർണിയയിലെ ഇന്ത്യ കമ്യൂണിറ്റി സെന്ററിലെ സമ്മർ ക്യാംപിനെത്തുന്നത്. അപ്പോൾ വയസ്സ് എട്ട്. ഇവിടെയാണു നിഖിലിന്റെ ജീവിതം മാറിത്തുടങ്ങിയത്. ഫുട്ബോൾ, ടെന്നിസ്, ബേസ്ബോൾ തുടങ്ങി ഒരുപിടി ഗെയിമുകളുടെ കൂട്ടത്തിലൊന്നു മാത്രമായിരുന്നു ടേബിൾ ടെന്നിസ്. പരിശീലകരെ പോലും ഞെട്ടിച്ച സ്മാഷുകളുമായി നിഖിൽ പെട്ടന്നു കളംപിടിച്ചു. തുടക്കം മുതലെ, ടേബിൾ ടെന്നിസിൽ നല്ല ധാരണയുള്ളവരെ പോലെയായിരുന്നു നിഖിലെന്ന് ഇന്ത്യ കമ്യൂണിറ്റി സെന്ററിലെ കോച്ചുമാരുടെ സാക്ഷ്യം. വൈകാതെ, മേശ കളത്തിലേക്ക്.... കൊയ്ത്ത് തുടങ്ങുന്നുടേബിൾ ടെന്നിസിൽ നിഖിലിനു നാലുവർഷത്തെ പരിചയമേ ആയിട്ടുള്ളു. എന്നിട്ടും ഒട്ടേറെ മെഡലുകൾ നേടിക്കഴിഞ്ഞു. 2010 മുതലാണ് നിഖിൽ ടേബിൾ ടെന്നിസ് കാര്യമാക്കി തുടങ്ങിയത്. ഇന്ത്യ കമ്യൂണിറ്റി സെന്ററിലെ രണ്ടു മാസത്തെ തീവ്രപരിശീലനത്തിനു ശേഷം ടൂർണമെന്റുകളിൽ പങ്കെടുത്തു തുടങ്ങിയ നിഖിൽ 2011ൽ ആദ്യ ദേശീയ പോരാട്ടത്തിന് ഇറങ്ങി. 2011ലെ യുഎസ് ഓപ്പണായിരുന്നു വേദി. മൽസരങ്ങളൊന്നും വിജയിച്ചില്ലെങ്കിലും ഈ എട്ടുവയസ്സുകാരൻ അന്നേ, പലരുടെയും ശ്രദ്ധ നേടി. ജൂനിയർ വിഭാഗങ്ങൾക്കായുള്ള യുഎസ് ഓപ്പണിലും യുഎസ് നാഷനൽസിലും (നിഖിലിന് അമേരിക്കൻ പൗരത്വമുണ്ട്) നിഖിൽ മൽസരിച്ചു. ‘അണ്ടർ ഒൻപത്’ ദേശീയ ചാംപ്യനും അണ്ടർ 10 റണ്ണറപ്പുമായി.

nikhil-kumar-table-tennis
നിഖിൽകുമാർ ടേബിൾ ടെന്നിസ് കളിക്കുന്നു.
ഇതിനിടെ, നിഖിൽ ഐടിടിഎഫിന്റെ ശ്രദ്ധയിലെത്തിക്കഴിഞ്ഞിരുന്നു. ടേബിൾ ടെന്നിസിൽ ഗുജറാത്ത് താരമായിരുന്ന രജുൽ സേത്ത്, ഇന്ത്യൻതാരം അനിൽ കശ്യപ് എന്നിവരായിരുന്നു നിഖിലിന്റെ ആദ്യ ഗുരുക്കന്മാർ. ടേബിൾ ടെന്നിസിൽ ഇന്ത്യൻ സീനിയർ കോച്ചായിരുന്ന മാസിമോ കൊസ്താന്തിനി ഇന്ത്യ കമ്യൂണിറ്റി സെന്ററിന്റെ മുഖ്യ പരിശീലകനായി എത്തിയതു നിഖിലിനും ഗുണം ചെയ്തു. കളിയെക്കുറിച്ചുള്ള മികച്ച ധാരണയ്ക്കു പുറമേ, പന്തിന്റെ ഗതിവേഗവും കറങ്ങിത്തിരിയലും പെട്ടന്നു മനസ്സിലാക്കാനുള്ള മികവാണു നിഖിലിനെ വ്യത്യസ്തനാക്കുന്നതെന്നു കൊസ്താന്തിനി പറയുന്നു. ടേബിൾ ടെന്നിസ് കഴിഞ്ഞാൽ, യൂട്യൂബിൽ കളി കണ്ടു പഠിക്കുന്നതാണത്രേ നിഖിലിന്റെ ഹോബി !നിഖിലെന്ന മലയാളികാലിഫോർണിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് നിഖിലിന്റെ അച്ഛൻ ശശികുമാർ. അമ്മ ബീന നമ്പ്യാർ. കാഞ്ഞങ്ങാട്ട് ചിറക്കരയിലെ സി.കെ. നായരുടെയും പഴയങ്ങാടി മുണ്ടയാട്ടെ ഭാനുമതിയുടെയും മകനാണു ശശികുമാർ. പിലാത്തറയിലാണ് ഇവരുടെ കുടുംബവീട്.വർഷങ്ങൾക്കു മുൻപു ജോലി ആവശ്യത്തിനായി അമേരിക്കയിലേക്കു പോയ ഇവർ രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. ലോകം ചുറ്റി ‘കളിക്കുന്നതിനിടെ’ ഇക്കഴിഞ്ഞ ആഴ്ച നിഖിലും കുടുംബവും നാട്ടിലെത്തിയിരുന്നു. ഭാഷയും വേഷവും വഴങ്ങില്ലെങ്കിലും നിഖിലിന്റെ വിനീതസുന്ദരമായ പുഞ്ചിരിയിൽ ഒരു മലയാളിയുണ്ട്. അതുകൊണ്ടുതന്നെ, മേശയ്ക്കരികിൽ നിന്നു ലോകം കീഴടക്കുന്ന ഈ മിടുക്കനെ ഓർത്ത്, നമുക്കും അഭിമാനിക്കാം.

Related News