Loading ...

Home National

വോട്ടിങ് ഫെബ്രുവരി 10 മുതല്‍, വോട്ടെണ്ണല്‍ മാര്‍ച്ച്‌ പത്തിന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടിങ് ഫെബ്രുവരിയില്‍ നടക്കുമെന്നും വോട്ടെണ്ണല്‍ മാര്‍ച്ച്‌ പത്തിന് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാര്‍ച്ച്‌ മൂന്ന്, ഏഴാം ഘട്ടം മാര്‍ച്ച്‌ ഏഴ്, വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10 എന്നിങ്ങനെയാണ് വിവിധ തിയ്യതികള്‍. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്.

600 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകുമെന്നും കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ഒമിക്രോണ്‍ സാഹചര്യത്തില്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 18.34 കോടി വോട്ടര്‍മാരുണ്ടെന്നും ഇവര്‍ക്കായി 2,15,368 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുമെന്നും അറിയിച്ചു. 24.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടാകുമെന്നും പറഞ്ഞു. പോളിങ് സ്റ്റേഷനുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും സൂചിപ്പിച്ചു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും പോളിംഗ് സ്റ്റേഷനുകള്‍ 16 ശതമാനം വര്‍ധിപ്പിച്ചുവെന്നും പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യമേര്‍പ്പെടുത്തുമെന്നും പ്രശ്‌നസാധ്യത ഉള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തുമെന്നും പറഞ്ഞു.


Related News