Loading ...

Home International

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ആളി കത്തുന്നു; റഷ്യന്‍ സൈന്യത്തെ വിന്യസിച്ച്‌ കസാക്കിസ്ഥാന്‍

മോസ്‌കോ: കസാക്കിസ്ഥാനില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തം. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ രാജിവെച്ച്‌ ഒഴിഞ്ഞു. നിരവധി സര്‍ക്കാര്‍ ഓഫീസുകളും വലിയ കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ഈ സാഹചര്യത്തില്‍ മോസ്‌കോയുടെ നേതൃത്വത്തിലുള്ള റഷ്യന്‍ സൈന്യത്തെ കസാക്കിസ്ഥാനില്‍ വിന്യസിച്ചു. കസാക്കിസ്താന്‍ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

കലാപത്തെ തുടര്‍ന്ന് മന്ത്രിസഭ രാജിവെയ്‌ക്കുകയും ഇന്ധന വില വര്‍ദ്ധനവ് പിന്‍വലിക്കുകയും ചെയ്തിട്ടും സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നിട്ടില്ല. രാജ്യത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ 12ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നും സൈനിക സഹായം കസാക്കിസ്ഥാന്‍ തേടിയിരുന്നു.റഷ്യ, അര്‍മേനിയ, ബലാറസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ സൈനിക സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷനോടാണ് സഹായം തേടിയത്. തുടര്‍ന്നാണ് റഷ്യ സൈന്യത്തെ അയച്ചത്. അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനേഷ്യനും സേനയെ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കായി റഷ്യ ഉപയോഗിക്കുന്ന കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്‌മോഡ്രോമിനടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവി ദിമിത്രി റോഗോസിനും അറിയിച്ചു.

രാജ്യത്ത് സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധനവ് പ്രഖ്യാപിച്ചതോടെയാണ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിക്കുകയും അല്‍മാക്കി വിമാനത്താവളം പിടിച്ചെടുക്കുകുയും ചെയ്തു. പടിഞ്ഞാറന്‍ കസാക്കിസ്ഥാനില്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ പ്രദേശത്തേയ്‌ക്ക് വ്യാപിക്കുകയായിരുന്നു.


Related News