Loading ...

Home National

ഓണ്‍ലൈന്‍ ചൂതാട്ടം നിര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

à´ˆ പുതുവര്‍ഷത്തില്‍  ദാരുണമായ ഒരു സംഭവത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്.ചെന്നൈയിലെ പെരുങ്കുടി മേഖലയില്‍ 35 വയസ്സുള്ള സ്ത്രീയും പതിനൊന്നു വയസും ഒരു വയസും പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്ന നാലംഗ കുടുംബത്തെ ജനുവരി ഒന്നിന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് ജീവനക്കാരനായിരുന്ന 36കാരന്‍ മണികണ്ഠന്‍ തന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മണികണ്ഠന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്  അടിമയായിരുന്നെന്നും അതിലൂടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നും ഇത് ഇയാളും ഭാര്യയും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി. പണം നഷ്ടപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സ്വന്തം കുട്ടികളെ കഴുത്ത് ഞെരിച്ച്‌ കൊന്നതിന് ശേഷം അയാള്‍ തൂങ്ങിമരിച്ചു.

സമാനമായ മറ്റൊരു സംഭവം ജനുവരി മൂന്നിന് ഉണ്ടായി. ചെന്നൈയിലെ തിരുവാണ്‍മിയൂര്‍ എംആര്‍ടിഎസ് റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് 1.32 ലക്ഷം രൂപ കൊള്ളയടിച്ചതിന് ശേഷം വ്യാജ പരാതി സമര്‍പ്പിച്ചതിന് ജീവനക്കാരനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് അജ്ഞാതന്‍ തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചെന്നായിരുന്നു ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ റെയില്‍വേ ബുക്കിംഗ് ക്ലാര്‍ക്ക് ഭാര്യയോടൊപ്പം പണം കവരുകയായിരുന്നു എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

ഈ രണ്ട് പ്രധാന സംഭവങ്ങളിലും പൊതുവായി കാണാന്‍ കഴിയുന്ന കാര്യം ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഇരയായ രണ്ട് വ്യക്തികളും മാന്യമായ ജോലിയും ഉയര്‍ന്ന ശമ്ബളവും ഉള്ളവരായിരുന്നു എന്നതാണ്.

തമിഴ്‌നാട്ടില്‍ 2020 നവംബറില്‍ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി നിരോധിക്കുമെന്നും അതിന്റെ സംഘാടകരെയും കളിക്കാരെയും അറസ്റ്റ് ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. 2020ല്‍ സംസ്ഥാനത്തൊട്ടാകെ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്നുണ്ടായ കടക്കെണി കാരണം ഒരു ഡസനോളം പേര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനം. 2020 നവംബറില്‍ കോയമ്ബത്തൂരില്‍ 28ഉം 32ഉം വയസ്സുള്ള യുവാക്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധനം കൊണ്ടുവരുമെന്ന പ്രഖ്യാപനം എഐഎഡിഎംകെയുടെ രാഷ്ട്രീയ നാടകമാണെന്നും അത് ശരിയായി നടപ്പാക്കുന്നില്ലെന്നും ആരോപിച്ച്‌ ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്നീട് വിമര്‍ശനവുമായി രംഗത്തെത്തി.

2021ല്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, തമിഴ്നാട് സര്‍ക്കാരിന്റെ ഗെയിമിംഗ് നിയമ ഭേദഗതി ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി കമ്ബനികളുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത്തരമൊരു നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (ജി) യുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം, ആര്‍ക്കും ഏത് തൊഴിലും വ്യാപാരവും ബിസിനസ്സും ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, സംസ്ഥാനം ഹര്‍ജിയെ എതിര്‍ക്കുകയും ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമുകളില്‍ യുവാക്കള്‍ വന്‍ തുക വാതുവയ്പ് നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.


Related News