Loading ...

Home International

ചൈനീസ്​ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി തുര്‍ക്കിയിലെ ഉയ്ഗൂറുകള്‍

ഇസ്താംബൂള്‍: ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുര്‍ക്കി പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കി ഉയ്​ഗൂര്‍ മുസ്​ലിംകള്‍​.വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വരഹിതമായ മറ്റ്​ കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിച്ച്‌ തുര്‍ക്കിയിലെ 19 ഉയ്​ഗൂര്‍ വിഭാഗക്കാരാണ് 112 ചൈനീസ്​ ഉദ്യോഗസ്ഥര്‍ക്കെതിരെ​ പരാതി നല്‍കിയത്​. ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്ബുകളില്‍ 116 ഉയിഗൂറുകള്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്​.

ഇസ്താംബുള്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഓഫീസിലാണ് അവര്‍ പരാതി നല്‍കിയത്. ദശലക്ഷക്കണക്കിന്​ ഉയ്​ഗൂര്‍ മുസ്​ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്ബുകളിലേക്കും തടവറകളിലേക്കും അയച്ച്‌ അടിമപ്പണി ചെയ്യിക്കുന്ന ചൈനീസ്​ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന്​ പരാതിക്കാരുടെ​​ അഭിഭാഷകന്‍ ഗുല്‍ഡന്‍ സോണ്‍മെസ് പറഞ്ഞു.

അതേസമയം, അത്തരം ക്യാമ്ബുകള്‍ നിലവിലില്ലെന്ന്​ ആദ്യം പറഞ്ഞ ചൈന, പിന്നീട്​ അവ തൊഴില്‍ കേന്ദ്രങ്ങളാണെന്നും തീവ്രവാദത്തെ ചെറുക്കാനായി സ്ഥാപിച്ചതാണെന്നും അവിടെ ഉയ്​ഗൂറുകള്‍ പീഡനം നേരിടുന്നതായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നീട്​ തിരുത്തിയിരുന്നു.

Related News