Loading ...

Home National

പഞ്ചാബിൽ കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞ് മോദി; ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത് 20 മിനിറ്റ്

അമൃത്സര്‍: ശക്തമായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.
കര്‍ഷകരുടെ പ്രതിഷേധത്തില്‍ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഫിറോസ്പൂര്‍ ജില്ലയിലെ ഹുസൈനിവാലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിന്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാറില്‍നിന്ന് വിശദീകരണം ചോദിച്ചു.

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, ലഖിംപുര്‍ സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ഫിറോസ്പൂര്‍ ജില്ലയില്‍ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികള്‍ക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിച്ച ശേഷം പഞ്ചാബിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ആസാദ് കിസാന്‍ കമ്മിറ്റി ദോബ, ജയ് കിസാന്‍ ആന്ദോളന്‍, ബി.കെ.യു.സിദ്ധുപുര്‍, കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെല്‍ഫെയര്‍ സൊസൈറ്റി, ബി.കെ.യു. ക്രാന്തികാരി, ദസൂയ കമ്മിറ്റി എന്നീ കര്‍ഷകസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയം മുമ്ബില്‍ക്കണ്ടാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ആരോപിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഛരണ്‍ജിത് ഛന്നി പ്രതികരിച്ചത്. യാത്ര റോഡ് മാര്‍ഗമാക്കിയത് അവസാന നിമിഷമാണ്. ഹെലികോപ്ടറില്‍ പോകാനായിരുന്നു ആദ്യത്തെ പദ്ധതി. റാലിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ കഴിഞ്ഞ രാത്രിയും താന്‍ വിശലകനം ചെയ്തിരുന്നു. എഴുപതിനായിരം കസേരകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഏഴായിരം പേര്‍ മാത്രമേ വന്നുള്ളൂ- അദ്ദേഹം പറഞ്ഞു.

Related News