Loading ...

Home International

ലാറ്റിനമേരിക്ക കൈപ്പിടിയിലൊതുക്കാന്‍ പുതിയ നീക്കങ്ങളുമായി ചൈന

അമേരിക്കയുടെ പിടിയില്‍ നിന്നും ലാറ്റിനമേരിക്കയെ മോചിപ്പിക്കാനും അതോടൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താനുമായി ചൈനയുടെ വന്‍ പദ്ധതി. ഇതിന്‍റെ ഭാഗമായി ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും രാഷ്ട്ര നേതാക്കളുമായി ചൈന പുതിയ കരാറിൽ ഏർപ്പെട്ടു. ചൈന നേരത്തെ തന്നെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാര- വാണിജ്യ- സാങ്കേതിക കൈമാറ്റ കരാറുകളുണ്ട്. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങള്‍ക്ക് നെറ്റ്വര്‍ക്ക് കണക്ഷന്‍ നല്‍കുന്നതും പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതും നാവികസേനാ താവളങ്ങള്‍ നിര്‍മ്മിക്കുന്നതും ചൈനയാണ്. ഇതിന് പുറമേയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി കോടിക്കണക്കിന് ഡോളറിന്‍റെ ബഹിരാകാശ, ആണവ സാങ്കേതിക കൈമാറ്റമുള്‍പ്പെടുയുള്ള കരാറുകള്‍ക്ക് ചൈന കൈകൊടുത്തത്. 2000 മുതലാണ് ചൈന ലാറ്റിനമേരിക്കയിലേക്ക് പുതിയ പദ്ധതികളുമായി എത്തുന്നത്. കരാറിന്‍റെ ഭാഗമായി കരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് 'സിവിലിയൻ' ആണവ സാങ്കേതികവിദ്യ കൈമാറാനും 5 ജി സേവനങ്ങള്‍ നല്‍കാനും 'സമാധാന ആവശ്യങ്ങള്‍ക്കുള്ള' ബഹിരാകാശ പരിപാടികൾ വികസിപ്പിക്കാനും അവയ്ക്ക് സഹായം നല്‍കാനും ചൈന തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചൈന ചെയ്യുന്ന ഈ സഹായങ്ങള്‍ക്ക് പകരമായി ചൈനീസ് ഭാഷയായ മാന്‍ഡരിനും ചൈനീസ് സംസ്കാരവും ഈ രാജ്യങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.


ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള ചൈനീസ് നിക്ഷേപം പ്രധാനമായും വികസനവും, തുറമുഖങ്ങൾ, റോഡുകൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ചെലവഴിക്കും. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് ചൈന ഇറക്കുന്ന ഈ ബില്യാണ്‍ ഡോളര്‍ നിക്ഷേപം പ്രദേശത്തെ ശക്തിയും സ്വാധീനവും വിലയ്ക്ക് വാങ്ങാനുള്ള ചൈനീസ് ശ്രമത്തിന്‍റെ ഭാഗമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു.

 
'ലാറ്റിനമേരിക്കയിൽ ചൈനയ്ക്ക് പ്രബലമായ സ്വാധീനം ചെലുത്താൻ ആഗ്രഹമുണ്ട്,' ഹെറിറ്റേജ് ഫൗണ്ടേഷനിലെ ഗവേഷകനായ മറ്റിയോ ഹെയ്ദർ പറഞ്ഞു. 'വെല്ലുവിളി സമഗ്രമാണ്, അവിടെ അവര്‍ക്ക് സുരക്ഷയും സൈനിക താൽപ്പര്യവുമുണ്ട്. നാള്‍ക്കുനാള്‍ വളരുന്ന ആ ഭീഷണി സോവിയറ്റ് യൂണിയനുമായി ഞങ്ങൾക്കുണ്ടായതില്‍ നിന്ന് വ്യത്യസ്തമായ ഭീഷണിയാണ്.' അദ്ദേഹം വാഷിംഗ്ടൺ എക്സാമിനറോട് പറഞ്ഞു. "ഞങ്ങൾ ലാറ്റിനമേരിക്കയെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാർ പറയുന്നില്ല. എന്നാൽ അവർ വ്യക്തമായും ഒരു മൾട്ടിഡൈമൻഷണൽ ഇടപഴകൽ തന്ത്രം രൂപീകരിച്ചു. അത് വിജയിച്ചാൽ, അവരുടെ സ്വാധീനം ഗണ്യമായി വികസിപ്പിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിന് വലിയ ഇന്‍റലിജൻസ് ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്യും.' യുഎസ് ആർമി വാർ കോളേജിലെ പ്രൊഫസർ ഇവാൻ എല്ലിസ് കൂട്ടിച്ചേർത്തു.

ബ്രസീൽ, അർജന്‍റീന തുടങ്ങിയ പ്രമുഖ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉൾപ്പെടെ മേഖലയിലെ കൊളംബിയ, വെനിസ്വേല, ഉറുഗ്വേ, ചിലി തുടങ്ങിയ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ സഖ്യമായ സെലാക്കും (CELAC) ചൈനയും തമ്മിൽ കഴിഞ്ഞ മാസം ഒരു കരാർ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 'പ്രധാന മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത പ്രവർത്തന പദ്ധതി' ആവിഷ്ക്കരിക്കപ്പെടും.  

 





Related News