Loading ...

Home National

ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ

ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ  പ്രത്യേക ട്രെയിന്‍ സര്‍വീസ്  ആരംഭിക്കുന്നു.ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ജനുവരി 29 മുതലാണ് ആരംഭിക്കുന്നത്. പതിനാല് ദിവസം നീളുന്നതാണ് യാത്ര. ജനുവരി 29ന് ബീഹാറിലെ ജയ്നഗറില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഫെബ്രുവരി 11ന് മടങ്ങിയെത്തും. തെക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ റെയില്‍വെ ഇതിലൂടെ ഒരുക്കുന്നത്.

എല്ലാ യാത്രക്കാര്‍ക്കും വെജിറ്റേറിയന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഐആര്‍സിടിസി ലഭ്യമാക്കും. ഒരാള്‍ക്ക് പ്രതിദിനം 900 രൂപയാണ് റെയില്‍വേ ബോര്‍ഡ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പതിമൂന്ന് രാത്രികളും പതിനാല് പകലും നീണ്ടുനില്‍ക്കുന്നതായിരിക്കും ട്രെയിന്‍ യാത്ര. യാത്രയുടെ ആകെ നിരക്ക് 13230 രൂപയാണ്. വിവിധ കേന്ദ്രങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ബസ്, താമസ സൗകര്യങ്ങള്‍, ട്രെയിനില്‍ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവ ഐആര്‍സിടിസി ക്രമീകരിക്കും. കൂടാതെ ഓരോ സ്ഥലത്തും തീര്‍ഥാടകര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസര്‍, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവയുടെ ലഭ്യതയും ഐആര്‍സിടിസി ഉറപ്പാക്കും.

ദക്ഷിണ ഭാരത് സ്‌പെഷ്യല്‍ ട്രെയിനിന്റെ റൂട്ട് റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ജനുവരി 29 ന് ബീഹാറിലെ ജയ്‌നഗറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മധുബാനി, ദര്‍ഭംഗ, സമസ്തിപൂര്‍, മുസാഫര്‍പൂര്‍, ഹാജിപൂര്‍, പട്‌ന, ബക്തിയാര്‍പൂര്‍, ബിഹാര്‍ഷരീഫ്, രാജ്ഗിര്‍, ഗയ തുടങ്ങിയ സ്റ്റേഷനുകളിലൂടെ സഞ്ചരിക്കും. കൂടാതെ ജാര്‍ഖണ്ഡിലെ കോഡെര്‍മ, ധന്‍ബാദ് ജംഗ്ഷന്‍ സ്റ്റേഷനുകളിലൂടെയും ട്രെയിന്‍ കടന്നുപോകും. ഇവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിക്കും. തുടര്‍ന്ന് ട്രെയിന്‍ രാമേശ്വരം, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, മല്ലികാര്‍ജുന, ജഗന്നാഥ പുരി, സൂര്യ മന്ദിര്‍, ജ്യോതിര്‍ലിംഗ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യും.

ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്റെ പായ്ക്കേജ് കോഡ് EZBD 67 ആണ്. 750 സ്ലീപ്പര്‍ ബര്‍ത്തുകള്‍ അടങ്ങിയതാണ് ദക്ഷിണ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍. ബുക്കിംഗുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.irctctourism.comല്‍ ലഭ്യമാണെന്ന് ഐആര്‍സിടിസി ധന്‍ബാദ് മാനേജര്‍ പ്രവീണ്‍ ശര്‍മ, സീനിയര്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാര്‍ ചൗധരി, കോഡെര്‍മ ഐആര്‍സിടിസി ഇന്‍ചാര്‍ജ് പഞ്ച് ആനന്ദ് എന്നിവര്‍ അറിയിച്ചു.

Related News