Loading ...

Home National

'ആര്യന്‍ അധിനിവേശ സിദ്ധാന്തം' തെറ്റാണെന്ന് ഐ.ഐ.ടി ഖരഗ്പൂര്‍ കലണ്ടര്‍; കാവിവത്കരണത്തിന്‍റെ പുതിയ ശ്രമമെന്ന് വ്യാപക വിമര്‍ശനം

ഹിന്ദുത്വ അജണ്ടകള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് പുനര്‍നിര്‍മിച്ച വ്യാജ ചരിത്രബോധങ്ങളെല്ലാം ഇന്ത്യയുടെ ചരിത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള നിരവധി ശ്രമങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതി വിദ്യാഭ്യാസത്തെ 'കാവിവത്കരിക്കാനുള്ള' ശ്രമത്തിന് ശേഷം പുതുതായി ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിച്ച 2022 കലണ്ടറിലൂടെ വീണ്ടും ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ശാസ്ത്രലോകം പൊതുവെ അംഗീകരിച്ച 'ആര്യന്‍ അധിനിവേശ സിദ്ധാന്തം' തെറ്റായിരുന്നെന്ന് 'തെളിവുകളിലൂടെ' അവകാശപ്പെടുകയാണ് പ്രസ്തുത കലണ്ടര്‍.

മധ്യേഷ്യയില്‍ നിന്ന് കുടിയേറിവന്ന ആര്യന്‍സമൂഹം സിന്ധു-ഗംഗാ സമതലങ്ങളിലേക്കെത്തുകയും ആധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തുവെന്ന വാദം തെറ്റാണെന്നും ഇന്ത്യയുടെ വൈദിക സംസ്കാരം തീര്‍ത്തും തദ്ദേശീയമാണെന്നും സ്ഥാപിച്ചെടുക്കാനാണ് കലണ്ടര്‍ ശ്രമിക്കുന്നത്. ഒരു പേജുള്ള കവറും ഔദ്യോഗിക വിശദാംശങ്ങളും നാല് പേജുള്ള സന്ദര്‍ഭവിശദീകരണങ്ങളുമുള്‍പ്പെടെ ആകെ 18 പേജുകളാണ് കലണ്ടറിലുള്ളത്. ഓരോ മാസത്തിനും 12 പേജുകള്‍ വീതമുള്ള കലണ്ടറില്‍ 'ആര്യന്‍ അധിനിവേശ സിദ്ധാന്തം' തെറ്റായിരുന്നെന്ന് സ്ഥാപിക്കാനുള്ള 12 തെളിവുകളും അവതരിപ്പിക്കുന്നുണ്ട്.

'ഇന്ത്യന്‍ വിജ്ഞാന സമ്ബ്രദായങ്ങളുടെ അടിത്തറ വീണ്ടെടുക്കല്‍' എന്ന തലക്കെട്ടാണ് കവര്‍ പേജിന് നല്‍കിയിട്ടുള്ളത്. കൂടാതെ വി‍ഷയത്തെ 'വേദങ്ങളുടെ രഹസ്യം തിരിച്ചറിയല്‍', 'സിന്ധുനദീതട നാഗരികതയുടെ പുനര്‍വ്യാഖ്യാനം', 'ആര്യന്‍ അധിനിവേശ മിഥ്യകളെ തിരുത്തിയെഴുതല്‍' എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. കെട്ടിച്ചമച്ച തെളിവുകള്‍ നിരത്തിക്കൊണ്ട് ബി.സി 7000-1500ല്‍ നിലനിന്നിരുന്ന സിന്ധുനദീതട സംസ്കാരകാലത്ത് തന്നെയാണ് വൈദിക സംസ്കാരവും നിലനിന്നതെന്ന് അവകാശപ്പെടാന്‍ കലണ്ടര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഭരണകക്ഷിയായ ബി.ജെ.പിയുടെയും അതിന്‍റെ മാതൃസംഘടനയായ ആര്‍.എസ്.എസിന്‍റെയും താല്‍പര്യങ്ങളെ പ്രീണിപ്പിക്കുന്ന വിധത്തിലാണ് കലണ്ടര്‍ തയാറാക്കപ്പെട്ടതെന്ന വിമര്‍ശനം പരക്കെ ഉയരുന്നുണ്ട്.

Related News