Loading ...

Home National

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് ദേശീയ പതാക; മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്.പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തുടനീളം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് 'അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി' ഗല്‍വാനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആര്‍.ഐയുടെ പ്രതിനിധി ഷെന്‍ ഷിവെയ് ട്വീറ്റ് ചെയ്തു. ഗല്‍വാനിലേതെന്ന് അവകാശപ്പെടുന്ന സൈനികരുടെ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്.ഗല്‍വാനില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയാണ് കൂടുതല്‍ ചേരുകയെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.പുതുവര്‍ഷ ദിനത്തില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍, ഹോങ്കോങ് സ്വയംഭരണ പ്രദേശം, ഗല്‍വാന്‍ താഴ്‌വര എന്നിവടങ്ങളിലും രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും ദേശീയ പതാക ഉയര്‍ത്തിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പര്‍വതത്തിന്റെ വശത്ത് ചൈനീസ് ഭാഷയില്‍ 'ഒരിഞ്ചു ഭൂമിയും വിട്ടുനല്‍കില്ല' എന്നെഴുതിയതിനു താഴെയാണ് സൈനികര്‍ പതാക ഉയര്‍ത്തിയതെന്നും മാതൃരാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുമെന്ന് സൈനികര്‍ പ്രതിജ്ഞയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ല്‍ അക്‌സയ് ചിന്‍, ലഡാക് മേഖലയിലുള്ള ഗല്‍വാന്‍ നദിക്കു സമീപം ഇന്ത്യന്‍ - ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ലഡാക്കിലെ പ്രദേശങ്ങളിലേക്ക് കടന്നുകയറാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യന്‍ സൈന്യം ചെറുത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന സൈനികതല ചര്‍ച്ചയില്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരുസൈന്യങ്ങളും രണ്ട് കിലോമീറ്റര്‍ പിന്മാറാന്‍ തീരുമാനമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശമന്ത്രി വാങ് ജിയും തമ്മില്‍ ഇവ്വിഷയകമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗല്‍വാനില്‍ ചൈനീസ് പതാക ഉയര്‍ത്തിക്കൊണ്ടുള്ള ചൈനീസ് നീക്കം പുതിയ പ്രകോപനം സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണെന്നാണ് സൂചന. ചൈനയുടെ കടന്നുകയറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു.

Related News