Loading ...

Home National

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനം; സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എട്ടുലക്ഷം രൂപയെന്ന വാര്‍ഷിക വരുമാന പരിധി തുടരുക തന്നെ ചെയ്യും. മാനദണ്ഡങ്ങളില്‍ മാറ്റം വേണ്ടെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രം കോടതിയില്‍ കൈമാറി.


അഞ്ചേക്കറോ അതില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സാമ്പത്തിക സംവരണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ ഭേഗതി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാനാണ് സമിതിയുടെ ശുപാര്‍ശയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സംവരണവും 27 ശതമാനം ഒബിസി സംവരണവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 6ന് പരിഗണിക്കാനിരിക്കെയാണ് സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഒബിസി സംവരണത്തിന് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് സംവരണം നല്‍കുന്നത്. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Related News