Loading ...

Home National

ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയം; പ്രതിഷേധം ഭയന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കി


ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയം നടത്തി നിയമസഭ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള അതിര്‍ത്തി നിര്‍ണയ കമീഷന്‍ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന് തടയിടാന്‍ ഭരണകൂടം.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്ത്തി, ഒമര്‍ അബ്ദുല്ല എന്നിവരെ വീട്ടുതടങ്കലിലാക്കി.

ശ്രീനഗറിലെ അതീവ സുരക്ഷ മേഖലയായ ഗുപ്കര്‍ റോഡില്‍ ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ വലിയ ട്രക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആരെയും വീട്ടിനകത്തേക്ക് കടത്തിവിടുകയോ, പുറത്തിറങ്ങാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. ജമ്മു-കശ്മീരില്‍ നിയമസഭ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള അതിര്‍ത്തി നിര്‍ണയ കമീഷന്‍ നിര്‍ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജമ്മു ഡിവിഷനില്‍ ആറ് സീറ്റുകളും കശ്മീര്‍ മേഖലയില്‍ ഒരു സീറ്റും വര്‍ധിപ്പിക്കാനാണ് കമീഷന്‍ ശുപാര്‍ശ ചെയ്തത്.

നീക്കത്തിനെതിരെ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കര്‍ സഖ്യം പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള കുടില തന്ത്രമായാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും നീക്കത്തെ കാണുന്നത്.

വീടിനു മുമ്ബില്‍ സുരക്ഷ ജീവനക്കാര്‍ തമ്ബടിച്ചിരിക്കുന്നതിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ഒമര്‍ ഒബ്ദുല്ലയുടെ പുതുവത്സര ട്വീറ്റ്. 'സുപ്രഭാതം, 2022ലേക്ക് സ്വാഗതം. ജനങ്ങളെ അവരുടെ വീടുകളില്‍ നിയമവിരുദ്ധമായി പൂട്ടിയിട്ടിരിക്കുന്ന അതേ ജമ്മു-കശ്മീര്‍ പൊലീസും സാധാരണ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ഭയക്കുന്ന ഭരണകൂടവും ഉള്ള ഒരു പുതുവര്‍ഷം. ഞങ്ങളുടെ ഗേറ്റിന് പുറത്ത് ട്രക്കുകള്‍ പാര്‍ക്ക് ചെയ്‌ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള നീക്കത്തെ തകര്‍ക്കുകയാണ്. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല' -ട്വിറ്ററില്‍ ഒമര്‍ അബ്ദുല്ല കുറിച്ചു.

Related News