Loading ...

Home cinema

അഭിനയം ഉടന്‍ നിര്‍ത്തില്ല, മൂന്ന് ചിത്രങ്ങള്‍ ഇനിയും ബാക്കി: കമലഹാസന്‍

ചെന്നൈ: അഭിനയം ഉടന്‍ നിര്‍ത്തില്ലെന്ന് പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ കമലഹാസന്‍ അറിയിച്ചു.തമിഴ് ജനതയ്ക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങേണ്ടത് അത്യാവശ്യമായതിനാല്‍ ഇനി മുതല്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്ന് കമലഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ ഇനിയും തീര്‍ക്കാനുണ്ടെന്നും അത് കഴിഞ്ഞതിന് ശേഷമാണ് അഭിനയം നിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാന്‍ പ്രതിനിധികള്‍ നാളെ ഡല്‍ഹിയില്‍ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണണ് അദ്ദേഹം അഭിനയം നിര്‍ത്തുന്ന കാര്യം അറിയിച്ചത്. 

തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റാല്‍ രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് താന്‍ തോല്‍ക്കില്ലെന്നായിരുന്നു താരം അഭിമുഖത്തില്‍ മറുപടി പറഞ്ഞത്. ഒരു പക്ഷേ രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാന്‍. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വര്‍ഷമായി ഇക്കൂട്ടര്‍ എന്റെ കൂടെയുണ്ട്. എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കൂടുതല്‍ യുവാക്കളെ ഇവര്‍ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെല്ലാം പാര്‍ട്ടിയിലെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്ബാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ താരം രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങള്‍ക്ക് സേവനം ചെയ്ത് മരിക്കാമെന്ന് ഞാന്‍ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്രാവിഡന്റെ നിറമായ കറുപ്പാണ് തന്റെ രാഷ്ട്രീയം. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും കലഹാസന്‍ വ്യക്തമാക്കി.

നേരത്തെ രജനീകാന്തിനു പിന്നാലെ കമലഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 ന് പുതിയ പാര്‍ട്ടിയുടെ പേര് കമല്‍ പ്രഖ്യാപിക്കും. ജയലളിതയുടെ മരണത്തിനുശേഷം കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള ഇരുവരുടേയും പ്രവേശനം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Related News