Loading ...

Home Gulf

സൗദിയില്‍ മൂന്ന് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍

സൗദിയില്‍ മൂന്ന് തൊഴില്‍ മേഖലകളില്‍ കൂടി ഇന്ന് മുതല്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂളുകള്‍, എന്‍ജിനീയറിങ് സാങ്കേതിക തൊഴിലുകള്‍ എന്നീ മേഖലകളിലാണ് ഇന്ന് മുതല്‍ സൗദിവല്‍ക്കരണം പ്രാബല്യത്തിലായത്.ഈ മേഖലകളിലൂടെ സ്വകാര്യ മേഖലയില്‍ നിന്ന് 22,000ല്‍ അധികം തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്തും.

ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ നിന്ന് 3,78,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ മൂന്ന് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂളുകള്‍, എന്‍ജിനീയറിങ്, സാങ്കേതിക തൊഴിലുകള്‍ എന്നിവയാണ് ഇന്ന് മുതല്‍ സൗദിവല്‍ക്കരണം പ്രാബല്യത്തിലാകുന്ന തൊഴില്‍ മേഖലകള്‍.

ഈ മേഖലയില്‍ നിയമിതരാവുന്ന സ്വദേശികളുടെ മിനിമം വേതനം അയ്യായിരം റിയാലില്‍ കുറയാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ നിന്ന് 2000 ത്തിലധികം തൊഴിലവസരങ്ങളും, ഡ്രൈവിങ് സ്‌കൂള്‍ മേഖലയില്‍ നിന്ന് 8000 തൊഴിലവസരങ്ങളും, എന്‍ജിനീയറിങ്, സാങ്കേതിക മേഖലയില്‍ നിന്ന് 12,000 തൊഴിലവസരങ്ങളുമാണ് സ്വദേശികള്‍ക്ക് മാത്രമായി പ്രതീക്ഷിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തരംതിരിച്ച പട്ടികയനുസരിച്ച്‌ എഞ്ചിനീയറിങ്, സാങ്കേതിക പ്രൊഫഷനുകള്‍ എന്ന ഗണത്തില്‍പ്പെടുന്ന എല്ലാ പ്രൊഫഷനുകളിലും സൗദിവല്‍ക്കരണം നടപ്പിലാക്കും. ഈ മേഖലയില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്.

Related News