Loading ...

Home International

ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തില്‍ റെയ്ഡ്; മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചൈനീസ് നീക്കമെന്ന് വിമര്‍ശനം

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ മാദ്ധ്യമസ്ഥാപനത്തില്‍ റെയ്ഡ്. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് റെയ്ഡ്.റെയ്ഡില്‍ ആറുപേര്‍ അറസ്റ്റിലായി.200 ലധികം പോലീസുകാര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.സ്റ്റാന്‍ഡ് ന്യൂസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരും മുന്‍ജീവനക്കാരുമടക്കം ആറുപേരാണ് അറസ്റ്റിലായത്.

സ്റ്റാന്‍ഡ് ന്യൂസിന്റെ നിലവിലെ ചീഫ് എഡിറ്റര്‍മാരും മുന്‍ ചീഫ് എഡിറ്റര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുന്‍ ബോര്‍ഡ് അംഗമായിരുന്ന, പോപ്പ് താരവും പിന്നീട് ഡെമോക്രസി ഐക്കണുമായി മാറിയ ഡെനിസ് ഹോയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.ഇതേ കുറ്റത്തിന് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 34 -നും 73 -നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍

അതേസമയം മാദ്ധ്യമസ്ഥാപനത്തിലെ വാര്‍ത്താ സാമഗ്രികള്‍ പരിശോധിച്ച്‌ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഹോങ്കോങ്ങ് പോലീസ് വ്യക്തമാക്കി.ഇത് ആദ്യമായല്ല ഹോങ്കോങ്ങില്‍ റെയ്ഡ് നടത്തി മാദ്ധ്യമസ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത്.ഇതിന് മുന്‍പ് ആപ്പിള്‍ ഡെയിലി എന്ന മാദ്ധ്യമസ്ഥാപനത്തില്‍ നൂറ് കണക്കിന് പോലീസുകാര്‍ റെയ്ഡ് നടത്തി സ്ഥാപനം പൂട്ടിച്ചിരുന്നു.

ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഹോങ്കോങ് ഭരണകൂടം നഗരത്തില്‍ ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്.പുതിയ വിവാദ നിയമം വിഭജനം, അട്ടിമറി, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ക്രിമിനല്‍ കുറ്റമാക്കുന്നു. കൂടാതെ പരമാവധി ജീവപര്യന്തം തടവുശിക്ഷയും ലഭിക്കും. ഇത് പ്രകാരം പ്രതിഷേധിക്കുന്നവരെയും ആക്ടിവിസ്റ്റുകളെയും ശിക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്തതായി വിമര്‍ശകര്‍ ആരോപിച്ചു.


Related News