Loading ...

Home National

നാഗാലാന്റില്‍ 'അഫ്സ്പ' ആറുമാസത്തേക്കുകൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

കോഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്റില്‍ ആറു മാസത്തേക്ക് കൂടി നീട്ടി. സെെനികരുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം.ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ 13 ഗ്രാമീണരാണ് നാഗാലാന്റില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.

നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയെന്ന മുഖ്യമന്ത്രി നെഫ്യു റിയോയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി അധ്യക്ഷനായി അര്‍ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിനിധികളും അടങ്ങിയ സമിതി രൂപീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. 45 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഫ്സ്പ പിന്‍വലിക്കുന്നതടക്കം തുടര്‍ നടപടികളില്‍ തീരുമാനമുണ്ടാകുമെന്നുമായിരുന്നു നാഗാ സര്‍ക്കാരിന്റെ നിലപാട്.

പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്നതാണ് അഫ്‌സ്പ. അഫ്‌സ്പ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നും നിബന്ധനയുണ്ട്. ഇതുപ്രകാരം ഗ്രാമീണരുടെ മരണത്തിനിടയാക്കിയ സെെനികര്‍ക്കെതിരെ കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കിയതായി ആയിരുന്നു നെഫ്യു റിയോ അറിയിച്ചിരുന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ നാഗാലാന്റില്‍ അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിഷേധം ശക്തിപ്പെടുന്നതോടെയാണ് സമിതിയെ നിയോഗിച്ച്‌ നിയമം പുനപരിശോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിനിടെയിലാണ് ആറു മാസത്തേക്ക് കൂടീ അഫ്സ്പ നീട്ടിയത്.

Related News