Loading ...

Home USA

അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷണം; പ്രത്യേക സ്ഥാനപതിയെ നിയമിച്ച്‌ അമേരിക്ക

അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സ്ഥാനപതിയെ നിയമിച്ച്‌ യു.എസ്. സര്‍ക്കാര്‍.നിലവില്‍ അഫ്ഗാന്‍ ഭരണം കൈയാളുന്ന താലിബാന്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിയന്ത്രണം കടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യു.എസിന്റെ പുതിയ നീക്കം.

അഫ്ഗാനില്‍ ജനിച്ച്‌, യു.എസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ റിന അമിരി യെയാണ് സ്ഥാനപതിയായി യു.എസ്. നിയമിച്ചിരിക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്തിട്ടുള്ള അമിരി മധ്യസ്ഥ ചര്‍ച്ചകളില്‍ വിദഗ്ധ കൂടിയാണ്. അഫ്ഗാനിസ്താനിലെ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, മനുഷ്യാവകാശം എന്നിവയ്ക്കുവേണ്ടി റിന പ്രത്യേക സ്ഥാനപതിയായി പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പ്രഖ്യാപിച്ചു.20 വര്‍ഷം നീണ്ട അഫ്ഗാനിലെ പോരാട്ടങ്ങള്‍ക്കുശേഷം ഓഗസ്റ്റിലാണ് യു.എസ്. സൈന്യം അഫ്ഗാന്‍ വിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണ കൂടത്തിന്റെ നിര്‍ണായക പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ അമിരി അഭിസംബോധന ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

എല്ലാ അഫ്ഗാന്‍ പൗരന്മാരും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഉള്‍ച്ചേരലില്‍ ജീവിക്കുന്ന സമാധാനവും സ്ഥിരതയുള്ളതും സുരക്ഷിതവുമായ അഫ്ഗാനിസ്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്-അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.കുട്ടിക്കാലത്ത് അഫ്ഗാന്‍ വിട്ട അമിരി കുടുംബത്തോടൊപ്പം കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. അവകാശസംരക്ഷത്തിനായി എപ്പോഴും ശബ്ദമുയര്‍ത്താറുള്ള അമിരി താലിബാനു കീഴില്‍കഴിയുന്ന അഫ്ഗാനികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തുറന്നുപറയാറുണ്ട്. നയതന്ത്രജ്ഞനായിരുന്ന റിച്ചാര്‍ജ് ഹോള്‍ബ്രൂക്കിന്റെ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുള്ള അമിരി യു.എന്നില്‍ സേവനം ചെയ്തിട്ടുണ്ട്.

അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പദ്ധതി (ഇന്ററജന്‍സി പ്ലാന്‍) ആവിഷ്‌കരിക്കണമെന്ന് കാട്ടി യു.എസ്. സെനറ്റില്‍ ജോലി ചെയ്യുന്ന 24 സ്ത്രീകള്‍ കഴിഞ്ഞമാസം പ്രസിഡന്റ് ബൈഡന് കത്ത് അയച്ചിരുന്നു.1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം നിയന്ത്രിച്ചിരുന്ന കാലയളവില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ക്ക് തനിയെ പുറത്തുപോകുന്നതിനോ ജോലി ചെയ്യുന്നതിനോ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനോ അപ്പോള്‍ അനുമതി ഉണ്ടായിരുന്നില്ല.

എന്നാല്‍, ഓഗസ്റ്റില്‍ ഭരണം പിടിച്ചെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാന്‍ പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ണ്ടറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകള്‍ക്ക് ജോലിക്കുപോകാനും കഴിയുന്നില്ല. സ്ത്രീകള്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്ബോള്‍ നിര്‍ബന്ധമായും ഒരു പുരുഷന്‍ കൂടെയുണ്ടാകണമെന്ന് ഞായറാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു.





Related News