Loading ...

Home Europe

ജിഹാദിനെ പിന്തുണച്ച് പ്രബോധനം; മുസ്ലിം പള്ളി അടച്ചുപൂട്ടി ഫ്രാന്‍സ്

മത മൌലിക വാദത്തെ പ്രോത്സാഹിപ്പിച്ച മുസ്ലിം പള്ളി അടച്ചുപൂട്ടി ഫ്രാന്‍സ് (France closes mosque). ജിഹാദ് അനുകൂല നിലപാട് (Defended Jihad) സ്വീകരിച്ച ബ്യൂവൈസിലെ മോസ്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആറ് മാസത്തേക്ക് അടച്ചത്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായാണ് മോസ്ക് അടച്ചത്. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാ ഇസ്ലാമിക സ്ഥങ്ങളിലും ഫ്രഞ്ച് അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലുള്ള ഈ മോസ്കിലെ ഇമാം ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നായകരായി വിശേഷിപ്പിച്ചിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ബ്യൂവൈസിലെ മുസ്ലിം പള്ളി മതമൌലിക വാദികളെ ക്രിസ്ത്യാനികള്‍ക്കും, സ്വവര്‍ഗ ലൈംഗികത പുലര്‍ത്തുന്നവര്‍ക്കും ജൂതന്മാര്‍ക്കും എതിരെ പ്രബോധനം നല്‍കിയതായി നേരത്തെ ഫ്രഞ്ച് മന്ത്രിയായ ജെറാള്‍ഡ് ഡാര്‍മാനിന്‍ ആരോപിച്ചിരുന്നു. പാരീസിന് വടക്കുഭാഗത്തായാണ് ഈ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്. ജെറാള്‍ഡ് ഡാര്‍മാനിന്‍ തന്നെയാണ് മോസ്ക് അടച്ചിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് മുന്‍കൈ എടുത്തതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഈ പള്ളിയിലെ ഇമാം അടുത്തിടെ മുസ്ലിം വിശ്വാസം സ്വീകരിച്ചയാളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടച്ചിടല്‍ നടപടിക്കെതിരെ മോസ്ക് മാനേജ്മെന്‍റ് കോടതിയെ സമീപിച്ചതായാണ് അഭിഭാഷകന്‍ പറയുന്നത്. അപ്പീലില്‍ 48 മണിക്കൂറിനുള്ളില്‍ കോടതിയില്‍ വാദം നടക്കുമെന്നും മോസ്ക് മാനേജ്മെന്‍റ് അഭിഭാഷകനായ സമീം ബോലാക്കി പറയുന്നു. വിവാദ പ്രസ്താവന നടത്തിയ ഇമാം പള്ളിയിലെ താല്‍ക്കാലിക ഇമാം മാത്രമാണെന്നും നിലവില്‍ സസ്പെന്‍ഷന്‍ നേരിടുകയാണെന്നും അഭിഭാഷകന്‍ വിശദമാക്കുന്നു. മുസ്ലിം ഇതര വിശ്വാസത്തിലുള്ളവരെ ശത്രുക്കള്‍ എന്നാണ് ഈ ഇമാം വിശേഷിപ്പിച്ചതെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിശദമാക്കുന്നത്.

ഇസ്ലാമികം മതമൌലിക വാദങ്ങള്‍ ആരാധനാലയങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ പരിശോധനകള്‍ ഉണ്ടാവുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. വിവാദ കാര്‍ട്ടൂണിന് പിന്നാലെ സാമുവല്‍ പാറ്റി എന്ന അധ്യാപകനെ 2020 ഒക്ടോബറില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. നിലവില്‍ ആറ് മുസ്ലിം പള്ളികള്‍ക്ക് എതിരെയാണ് മതമൌലിക വാദം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഇവയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related News