Loading ...

Home National

ബെംഗളൂരുവില്‍ ഇലക്‌ട്രിക് ബസ് സര്‍വീസിന് തുടക്കം

കര്‍ണാടകയില്‍ ഇലക്‌ട്രിക് ബസ് സര്‍വീസിന് തുടക്കം. ആദ്യത്തെ ഇലക്‌ട്രിക് ബസുകള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫ്ലാഗ് ഓഫ് ചെയ്തു.ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (BMTC) ജെബിഎം ഓട്ടോ ലിമിറ്റഡ് 90 ഇലക്‌ട്രിക് ബസുകള്‍ നല്‍കും.

"സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി മെട്രോ ഫീഡര്‍ സര്‍വീസുകള്‍ക്ക് കീഴിലാണ് ജെബിഎം ഇക്കോ ലൈഫ് ഇലക്‌ട്രിക് ബസുകള്‍ സര്‍വീസ് നടത്തുക. ബംഗളൂരു നഗരത്തിലേക്കായി ഈ വര്‍ഷം ആദ്യം ജെബിഎം ഓട്ടോയ്ക്ക് 90 നോണ്‍ എസി ഇലക്‌ട്രിക് ബസുകളുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു", ജെബിഎം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കമ്ബനി വിതരണം ചെയ്ത 40 ഇലക്‌ട്രിക് ബസുകളുടെ ആദ്യ ബാച്ചില്‍ 25 ബസുകള്‍ ഇന്ന് ഫ്ലാഗ്‌ഓഫ് ചെയ്തതായി ജെബിഎം അറിയിച്ചു. ബാക്കിയുള്ള 50 ഇലക്‌ട്രിക് ബസുകള്‍ വരുന്ന മാസങ്ങളില്‍ കൈമാറുമെന്നും അവര്‍ അറിയിച്ചു.

കര്‍ണാടകയില്‍ ആദ്യമായാണ് ഇ-ബസ് സര്‍വീസിലൂടെ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്. കെങ്കേരി, യശ്വന്ത്പൂര്‍, കെആര്‍ പുരം ബസ് ഡിപ്പോകളില്‍ നിന്നാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുക. എസി ഇല്ലാത്ത ബസുകളില്‍ 33 യാത്രക്കാര്‍ക്കും ഒരു ഡ്രൈവര്‍ക്കും ഇരിക്കാനുള്ള ശേഷിയുണ്ട്. ബസുകളില്‍ ആറ് ലിഥിയം നിക്കല്‍ മാംഗനീസ് കോബാള്‍ട്ട് ഓക്‌സൈഡ് (എന്‍എംസി) ബാറ്ററി പായ്ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജെബിഎം പറഞ്ഞു. ഒറ്റ ചാര്‍ജില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗതയില്‍ 120 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഈ ബസുകള്‍ക്ക് കഴിയും.

റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (പിഐഎസ്), അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള പാനിക് ബട്ടണുകള്‍, ഓട്ടോമാറ്റിക് ബസ് വെഹിക്കിള്‍ ലൊക്കേഷന്‍ സിസ്റ്റം, സിസിടിവി ക്യാമറകള്‍, പബ്ലിക് അഡ്രസ് സിസ്റ്റം, സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണുകള്‍ എന്നിങ്ങനെയുള്ള എല്ലാ ആധുനിക സവിശേഷതകളും ഈ ബസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേവി മുംബൈ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (എന്‍എന്‍എംടി) കീഴിലുള്ള നേവി മുംബൈയില്‍ ജെബിഎമ്മിന്റെ ഇക്കോ-ലൈഫ് ഇലക്‌ട്രിക് ബസുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയകരമായി ഓടുന്നുണ്ട്. മൊത്തം 30 ഇക്കോ-ലൈഫ് ബസുകള്‍ എന്‍എന്‍എംടിയുടെ ഭാഗമാണ്. ഈ വര്‍ഷം ആദ്യം അഹമ്മദാബാദില്‍ 90 ഉം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 15ഉം ഇലക്‌ട്രിക് ബസുകള്‍ ജെബിഎം വിതരണം ചെയ്തിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഇലക്‌ട്രിക് ബസാണ് ജെബിഎം ഇക്കോ ലൈഫ് ഇലക്‌ട്രിക് ബസ്. 80 മുതല്‍ 160 കിലോവാട്ട് വരെ പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോര്‍ ബസിലുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച്‌ പൂര്‍ണമായി ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ എകദേശം രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വരെസമയമാണ് എടുക്കുക. ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്ബോള്‍ ഇലക്‌ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്.



Related News