Loading ...

Home National

'മഥുരയെ മുസഫര്‍ നഗറാക്കാന്‍ ആനുവദിക്കരുത്'; സംഘ്പരിവാര്‍ നീക്കത്തിനെതിരെ രാകേഷ് ടികായത്ത്

ലഖ്നൗ: യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്.തീര്‍ത്ഥാടന നഗരത്തിന്റെ സമാധാനം കെടുത്താന്‍ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബിജെപിയുടെ പേര് പറയാതെയാണ് ടിക്കായത്തിന്റെ വിമര്‍ശനം. 'അവര്‍ക്ക് വോട്ട് ലഭിക്കുന്നില്ല, അതുകൊണ്ട് ജനങ്ങള്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്ന ഈ തീര്‍ത്ഥാടന നഗരത്തിന്റെ സമാധാനം തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. മുസഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷവും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം ജനം പരാജയപ്പെടുത്തണം'ടിക്കായത് പറഞ്ഞു.

'അവരുടെ കെണിയില്‍ വീഴരുത്. അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍രഹിതരാവുകയും തൊഴിലവസരങ്ങള്‍ കുതിച്ചുയരുന്ന മഥുരയെ കലാപം തകര്‍ക്കുകയും ചെയ്യും'ടിക്കായത് പറഞ്ഞു.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയും സംഘ്പരിവാര്‍ നേതാക്കളും മഥുരയിലെ ക്ഷേത്രനിര്‍മാണം വീണ്ടും ചര്‍ച്ചയാക്കുന്നത്. അയോധ്യ മാതൃകയില്‍ മഥുരയും ഞങ്ങള്‍ പിടിച്ചെടുക്കുമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിരുന്നു.


Related News