Loading ...

Home International

ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച്‌ നാസ

വാഷിംഗ്ടണ്‍: ബഹിരാകാശ ടൂറിസം രംഗത്തേക്ക് റഷ്യ വിജയകരമായി കടന്നു വന്നതിന് പിന്നാലെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച്‌ നാസയും രംഗത്ത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര പദ്ധതി 2022 ഫെബ്രുവരി 28 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടെക്സാസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്സിയം സ്‌പേസ് ആണ് പദ്ധതിയുടെ സംഘാടകര്‍. സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ പേടകവുമാണ് പദ്ധതിക്കായി ഉപയോഗിക്കുകയെന്നാണ് വിവരം.

Ax-1 സ്പേസ് ടൂറിസം മിഷന്‍ അഥവാ പ്രൈവറ്റ് ആസ്‌ട്രോനട്ട് മിഷന്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ കനേഡിയന്‍ വ്യവസായി മാര്‍ക്ക് പാത്തി, അമേരിക്കന്‍ സംരംഭകന്‍ ലാരി കോണര്‍, മുന്‍ ഇസ്രായേലി വ്യോമസേന പൈലറ്റ് എയ്റ്റ സ്റ്റിബ്ബ് എന്നിവരാണ് പങ്കെടുക്കുക. പദ്ധതിയുടെ മിഷന്‍ കമാന്‍ഡര്‍ നാസയുടെ മുന്‍ ബഹിരാകാശസഞ്ചാരിയായ മൈക്കല്‍ ലോപെസ് അലെഗ്രിയായിരിക്കും. വിനോദ സഞ്ചാരികളായെത്തുന്ന മൂന്ന് പേരും 55 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ബഹിരാകാശ നിലയം സന്ദര്‍ശിക്കാന്‍ പോവുന്നത്. നാസയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടേയും സംഘാടകരും ആക്സിയം സ്‌പേസ് തന്നെയാണ്. ഇത് 2023 നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ ഗവേഷണ പദ്ധതികള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കാനാണ് നാസയുടേയും റഷ്യയുടെ റോസ്‌കോസ്‌മോസിന്റേയും ലക്ഷ്യം. ഒക്ടോബറില്‍ ബഹിരാകാശ നിലയത്തില്‍ സിനിമാ ചിത്രീകരണത്തിനായും രണ്ട് പേരെ അയച്ച്‌ ചരിത്രം കുറിച്ച റഷ്യ, അതിന് ശേഷം റോസ്‌കോസ്‌മോസിന്റെ സോയൂസ് പേടകത്തില്‍ രണ്ട് ജാപ്പനീസ് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കുകയും ചെയ്തു.12 ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച രണ്ടു പേരും കഴിഞ്ഞ ദിവസമാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. അതേ സമയം ബഹിരാകാശ ടൂറിസം പദ്ധതിയിലൂടെ വലിയ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്ന് വിമര്‍ശനമുയരുന്നുണ്ട്.


Related News