Loading ...

Home National

500 കിലോമീറ്റര്‍ വരെ ദൂരപരിധി; ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

ബലാസോര്‍: ഹ്രസ്വദൂരത്തില്‍ ഉപരിതലത്തില്‍നിന്ന് ഉപരിതലത്തിലേക്ക് നയിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ 'പ്രലയ്'യുടെ വി‍ക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു.വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്‍റെ എല്ലാ സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചതായും അധികൃതര്‍ അറിയിച്ചു. ഒഡിഷയിലെ എ.പി.ജെ അബ്​ദുല്‍ കലാം ദ്വീപില്‍നിന്ന് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മിസൈല്‍ വിക്ഷേപിച്ചത്.

ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായ പൃഥ്വി ഡിഫന്‍സ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രലയ് ബാലിസ്റ്റിക് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. 350 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉടന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.

500-1000 കിലോഗ്രാം പേലോഡ് ശേഷിയുള്ള പ്രലയ് നിര്‍മിക്കാന്‍ 333 കോടി രൂപയാണ് ചെലവായത്. മൊബൈല്‍ ലോഞ്ചറില്‍നിന്ന് വിക്ഷേപണം നടത്താന്‍ സാധിക്കുന്ന മിസൈലില്‍ അത്യാധുനിക നാവിഗേഷന്‍ സിസ്റ്റവും ഇന്‍റഗ്രേറ്റഡ് ഏവിയോണിക്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡി.ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​ അഭിനന്ദിച്ചു.

Related News