Loading ...

Home International

സുലൈമാനി വധം; പങ്ക് വെളിപ്പെടുത്തി ഇസ്രയേല്‍

ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ഉപയോഗിച്ച്‌ വധിച്ചതില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി ഹെയ്മാന്‍ സമ്മതിച്ചു.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മുന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഉദ്യോഗസ്ഥന്‍ ഇറാഖില്‍ വച്ച്‌ ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ഉപയോഗിച്ച്‌ വധിച്ചതില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന് ആദ്യമായി സമ്മതിച്ചത്.

സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് നേരത്ത് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി വന്നിരിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജന്‍സ് സുലൈമാനിയെ ട്രാക്കുചെയ്യാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ ഇന്റലിജന്‍സ് ഓപ്പറേഷനില്‍ പങ്കെടുത്തതായി എന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുലൈമാനിയുടെ വിമാനം സിറിയയിലെ ഡമാസ്കസ് വിമാനത്താവളത്തില്‍ നിന്ന് ബാഗ്ദാദിലേക്ക് പോകുന്നതിനെക്കുറിച്ച്‌ അമേരിക്കക്കാര്‍ക്ക് സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് സുലൈമാനി വധത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഐഡിഎഫ് വക്താവ് വെളിപ്പെടുത്തുന്നത്.

ബാഗ്ദാദില്‍ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സുലൈമാനി നിരവധി സെല്‍ഫോണുകള്‍ മാറ്റിയിരുന്നു. അതേസമയം, സുലൈമാനിയുടെ സെല്‍ഫോണ്‍ പാറ്റേണുകള്‍ മൊസാദ് നേരത്തെ മനസിലാക്കിയിരുന്നു. ഈ വിവരങ്ങള്‍ കൃത്യമായി തന്നെ അമേരിക്കന്‍ ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു.

സുലൈമാനിയുടെ ഫോണ്‍ നമ്ബറുകള്‍ കൃത്യമായി അറിയുന്ന ഇസ്രയേലികള്‍ അവ അമേരിക്കക്കാര്‍ക്ക് കൈമാറി. ഈ നമ്ബറുകള്‍ ട്രാക്ക് ചെയ്ത് ബാഗ്ദാദിലെ സുലൈമാനിയുടെ നീക്കങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇസ്രയേല്‍ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിക്കുകയും ചെയ്തിരുന്നു.

അമേരിക്ക, ഇസ്രയേലിന് പുറമേ ഇറാഖ്, സിറിയ, ലെബനന്‍, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ മുതിര്‍ന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയയും ആരോപിച്ചിരുന്നു. 2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദര്‍ശിക്കുന്നതിനിടെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.


Related News