Loading ...

Home International

കൊവിഡ് വാക്‌സിന്‍; നാലാമത്തെ ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യമാകാന്‍ ഇസ്രായേല്‍

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്താകെ പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേല്‍.60 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കാനായി ആരോഗ്യവിദഗ്ധര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പദ്ധതിയെ സ്വാഗതം ചെയ്യുകയും നാലാം ഡോസ് നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഒമിക്രോണ്‍ ബാധിച്ച്‌ ഒരു രോഗി മരിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഇസ്രായേല്‍ മുന്നോട്ട് വരുന്നത്. രാജ്യത്ത് ഏകദേശം 340 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.നാലാമത്തെ ബൂസ്റ്റര്‍ പുറത്തിറക്കാന്‍ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.മൂന്നാമത്തെ ഡോസ് കഴിഞ്ഞ് നാലുമാസത്തിന് ശേഷം നാലാമത്തെ ഡോസ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ലോകത്തെ വിഴുങ്ങുന്ന ഒമിക്രോണ്‍ തരംഗത്തിലൂടെ കടന്നുപോകാന്‍ ഈ വാര്‍ത്ത ഞങ്ങളെ സഹായിക്കുമെന്ന് പ്രധാമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഈ അവസരം ജനങ്ങള്‍ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇസ്രായേലിലെ 9.3 ദശലക്ഷം ജനസംഖ്യയുടെ 63% പേര്‍ക്ക് മാത്രമേ രണ്ട് ഡോസുകള്‍ എടുത്തിട്ടൊള്ളൂ. രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് 14 വയസുള്ളവരാണ്. നവംബര്‍ മുതല്‍ അഞ്ചുവയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം രാജ്യം എടുത്തിരുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ യോഗ്യരായ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും പ്രധാമന്ത്രി നിര്‍ദേശം നല്‍കി. വൈറസ് ബാധ പടരുന്നത് തടയാന്‍ വേണ്ടി യുഎസ്, ജര്‍മ്മനി, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീട്ടിയിട്ടുണ്ട്.ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇസ്രായേലില്‍ കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ 1.36 ദശലക്ഷത്തിലധികം പേര്‍ രോഗബാധിതരാകുകയും ഏകദേശം 8,200 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.


Related News