Loading ...

Home International

ദക്ഷിണകൊറിയന്‍ വിഡിയോകള്‍ കണ്ടതിന് ഉത്തരകൊറിയയില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍

ദക്ഷിണകൊറിയന്‍ വിഡിയോകള്‍ കണ്ടെന്ന 'കുറ്റത്തിന്' ഉത്തരകൊറിയയില്‍ മൂന്ന് വര്‍ഷത്തിനിടെ വധശിക്ഷ വിധിക്കപ്പെട്ടത് ഏഴ് പേര്‍ക്ക്.
ദക്ഷിണകൊറിയന്‍ വിഡിയോകള്‍ കാണുകയോ വിതരണം ചെയ്യുകയോ ചെയ്തെന്നാരോപിച്ചാണ് ഏഴ് പേരെ അധികൃതര്‍ കൊലപ്പെടുത്തിയതെന്ന് സിയോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.

ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലായിരുന്നു പൊതു വധശിക്ഷകള്‍ നടപ്പാക്കിയത്. ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് ഉത്തരകൊറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രക്ഷപ്പെട്ട 683 പേരുമായി അഭിമുഖം നടത്തുകയും 27 വധശിക്ഷകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന്, വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരാണ്.

ദക്ഷിണ കൊറിയന്‍ സിനിമകളും മ്യൂസിക് വിഡിയോകളും അടങ്ങിയ സീഡികളും യു.എസ്.ബികളും നിയമവിരുദ്ധമായി വില്‍പന നടത്തിയെന്നാരോപിച്ച്‌ ഉത്തരകൊറിയന്‍ അധികാരികള്‍ ഒരാളെ പരസ്യമായി വധിച്ചതായി സംഘടന പറഞ്ഞു. 2021 മേയില്‍ ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രമായ ഡെയ്‌ലി എന്‍.കെ നടത്തിയ അവകാശവാദങ്ങളെ പിന്‍പറ്റിയാണ് സംഘടനയുടെ വെളിപ്പെടുത്തല്‍.

2012നും 2014നും ഇടയില്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ കാണുകയോ വിതണം ചെയ്യുകയോ ചെയ്തുവെന്നാരോപിച്ച്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് കേസുകളില്‍ ആറും റയാങ്ഗാങ് പ്രവിശ്യയിലെ ഹൈസനില്‍ നിന്നാണ്. 2015ല്‍ പ്രതികളിലൊരാളെ വടക്കന്‍ ഹംഗ്യോങ് പ്രവിശ്യയിലെ ചോങ്ജിന്‍ സിറ്റിയില്‍ വച്ച്‌ വധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിം ജോങ് ഉന്നിന്‍റെ കീഴിലെ കൊലപാതകങ്ങളെ വിശകലനം ചെയ്യുന്ന 'കിം ജോങ് ഉന്നിന്റെ കീഴിലുള്ള കൊലപാതകങ്ങള്‍: അന്താരാഷ്ട്ര സമ്മര്‍ദ്ദത്തോടുള്ള ഉത്തര കൊറിയയുടെ പ്രതികരണം' എന്ന പഠന റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച്‌ പ്യോങ്‌യാങ് സ്വകാര്യമായി വധശിക്ഷ നടപ്പാക്കാന്‍ തുടങ്ങിയതായി കണ്ടെത്തിയിരുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനാണ് ഉത്തര കൊറിയയുടെ ഇത്തരം നടപടികള്‍. അതേസമയം രാജ്യത്ത് ജയില്‍ ക്യാമ്ബുകള്‍ നിലവിലില്ലെന്ന വാര്‍ത്ത ഉത്തരകൊറിയ നിഷേധിച്ചു. മനുഷ്യാവകാശങ്ങളെ വിമര്‍ശിച്ചുകൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളോട് ശത്രുതാപരമായ നയമാണ് പ്രയോഗിക്കുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.ഉത്തരകൊറിയയില്‍ കുറ്റക്കാര്‍ക്ക് ആള്‍ക്കൂട്ടത്തിന് മുന്‍പിലും, ഗ്രാമങ്ങളില്‍ വച്ചും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ നിയമ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നാണ് അധികാരികളുടെ വാദം.

Related News